യുകെയും അമേരിക്കയും കാനഡയുമൊന്നും വേണ്ട; വിദ്യാർത്ഥികൾക്ക് വൻ അവസരം ഒരുക്കി മറ്റൊരു രാജ്യം, ഫീസ് വളരെ കുറവ്

ഇന്ത്യയിൽ നിന്നുള്ള പല വിദ്യാർത്ഥികളും വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലരും യുകെയും അമേരിക്കയുമാണ് അതിനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ അവിടെ മാറി വരുന്ന വിസ സംവിധാനങ്ങളും ഉയർന്ന ചെലവും വിദ്യാർത്ഥികളെ കഷ്ടത്തിലാക്കുന്നു. യുകെയിൽ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കാൻ തന്നെ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ മറ്റ് പല രാജ്യങ്ങളും ഇതിലും കുറഞ്ഞ ചെലവിൽ വിദ്യാർത്ഥികളെ ക്ഷണിക്കുന്നുണ്ട്. അതിൽ ഒന്നാണ് നെതർലൻഡ്സ്.

നിരവധി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി നെതർലൻഡ്‌സ് തിരഞ്ഞെടുക്കുന്നുണ്ട്. അമേരിക്ക, യു.കെ രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കുറവാണിവിടെയെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. എന്നാൽ അത് പല വിദ്യാർത്ഥികൾക്കും അറിയില്ല. ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ആദ്യ 250-ൽ 13 സർവകലാശാലകൾ നെതർലാൻഡിൽ നിന്നുള്ളവയാണ്. നിരവധി സ്വകാര്യ സർവകലാശാലകളുമുണ്ട്. അടുത്ത അക്കാഡമിക് വർഷത്തിൽ ആരംഭിക്കുന്ന കോഴ്‌സുകളുടെ അഡ്മിഷൻ ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. പ്രതിവർഷം 9000 മുതൽ 15,000 യൂറോ വരെ ഫീസിനത്തിൽ നൽകേണ്ടിവരും.

കൂടാതെ, ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികളിലെ ഉപരിപഠനത്തിനുള്ള ഓസ്‌ട്രേലിയൻ അവാർഡ് സ്‌കോളർഷിപ്പിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഒഫ് ട്രേഡ് നൽകുന്ന സ്‌കോളർഷിപ്പ് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ്. കോഴ്സ് തുടങ്ങി പൂർത്തിയാകുന്നതുവരെയുള്ള ട്യൂഷൻ ഫീസ്, ജീവിതചെലവ് എന്നിവ പൂർണമായി സ്‌കോളർഷിപ്പിലൂടെ ലഭിക്കും. യൂണിവേഴ്‌സിറ്റി ഒഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി, ഓക്ക്‌ലാൻഡ് യൂണിവേഴ്‌സിറ്റി എന്നിവയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച തെളിവുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *