അബ്ദുൽ റഊഫ് കൊണ്ടോട്ടി (ലോക കേരളം സഭാംഗം)
പ്രവാസം ഏറെ മാറുകയാണ്. തലമുറകൾ വിദേശത്ത് ജനിക്കുകയും അവിടെ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിനും മറ്റും നാട്ടിലേക്ക് പോവുന്ന അവസരത്തിൽ വിദേശത്ത് ജനിക്കുകയും നിലവിൽ മാതാപിതാക്കൾ വിദേശത്ത് തന്നെ താമസിക്കുന്നവരാണെങ്കിൽ വിദേശത്ത് ജനിച്ച കുട്ടിയുടെ പേരിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കില്ല.
പകരം മാതാപിതാക്കളിൽ ഒരാളുടെ എസ് എസ് എൽ സി ബുക്ക് കോപ്പിയടക്കമുള്ള രേഖകൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ച് അപേക്ഷിച്ചാൽ മാതാപിതാക്കൾ കേരളത്തിൽ ജനിച്ചവരാണെന്നും അവരുടെ മകൻ / മകൾ ആണ് എന്ന പേരിലാണ് നേറ്റിവിറ്റി ലഭിക്കുക.
മാതാവും പിതാവും കുട്ടിയും വിദേശത്ത് ജനിച്ചവരാവുകയും വിദേശത്ത് തന്നെ തുടരുകയും ചെയ്യുകയണെങ്കിൽ അവർ കേരളീയരെന്ന നിർവ്വചനത്തിൽ ഉൾക്കൊള്ളാത്തവരാവുകയും കേരള എഞ്ചിനിയറിംഗ് /ആർക്കിടെക്ചർ /മെഡിക്കൽ എൻട്രൻസ് പോലുള്ള പരീക്ഷകൾക്ക് അപേക്ഷിക്കാൻ നിലവിൽ സാധ്യമല്ല.
കുട്ടികളുടെയും മാതാപിതാക്കളുടെയും പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട്, വിവാഹ സർട്ടിഫിക്കറ്റ്, നാട്ടിലെ സ്വത്തുക്കളുടെ രേഖകൾ എന്നിവയിൽ എല്ലാം നാട്ടിലെ വിലാസവും മറ്റും ഉണ്ടെങ്കിലും ഈ പ്രവാസികളെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റും കേരളീയരായി പരിഗണിക്കുന്നില്ലെന്നത് പ്രവാസികളുടെ മക്കളുടെ തുടർ പഠനത്തെയാണ് ബാധിക്കുക.
മാറി വരുന്ന പ്രവാസ സാഹചര്യത്തിൽ ആവശ്യമായ നടപടികൾ അനിവാര്യമാണ്.