ന്യൂഡൽഹി: എച് വൺ ബി വിസ പ്രകാരം അമേരിക്കയിലേയ്ക്ക് ചേക്കേറിയ കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിൽ. കുടുംബത്തിലെ പല കുട്ടികളുടേയും പ്രായം 21 വയസിനോടടുക്കുകയാണ്. 21 വയസാകുന്നതോടെ നിലവിലെ ഇമിഗ്രേഷൻ നിയമപ്രകാരം രക്ഷാകർത്താക്കളുടെ എച് വൺ ബി വിസ വഴി രാജ്യത്ത് നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവർക്കുള്ളത്. അതിനാൽ തന്നെ വിദ്യാഭ്യാസമടക്കമുള്ളവ ഉപേക്ഷിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോരേണ്ട അവസ്ഥയിലാണിവർ.ഡൊണാൾഡ‍് ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തിയതോടെയാണ് വിദേശികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമം കൊണ്ടുവന്നത്.
ഇതുവരെ ഇത്തരത്തിൽ പ്രായപൂർത്തിയാകുന്നവർക്ക് രണ്ട് വർഷം വരെ യുഎസിൽനിന്ന് മറ്റൊരു വിസയിലേക്ക് മാറാനാകുമായിരുന്നു. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമം ഇതനുവദിക്കാതായതോടെ വിദ്യാർഥികളടക്കമുള്ളവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. മാതാപിതാക്കളും ആശങ്കയിലായിരിക്കുന്നു.
തുടർന്ന് ബ്രിട്ടൺ, കാനഡ തുടങ്ങി നിയമം ശക്തമല്ലാത്ത രാജ്യങ്ങളിലേക്ക് ചേക്കേറാനും പലരുംതീരുമാനമെടുത്തിട്ടുണ്ട്. പുതിയ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ കുടുംബത്തെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
അതേസമയം, 2026 സാമ്പത്തിക വർഷത്തേക്കുള്ള എച് വൺ ബി വിസ രജിസ്ട്രേഷന്റെ കാലാവധി സംബന്ധിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് അറിയിപ്പ് നൽകി. മാർച്ച് ഏഴിന് തുടങ്ങി മാർച്ച 24 വരെയാണ് രജിസ്ട്രേഷൻ നീണ്ടുനിൽക്കുന്നത്. വിദേശികളായ കുടിയേറ്റക്കാരല്ലാത്ത, സാങ്കേതിക പരിജ്ഞാനമോ മറ്റ് അറിവുകളോ ഉള്ളവരെ യുഎസ് കമ്പനികൾക്ക്ജീവനക്കാരായി നിയമിക്കാൻ സാധിക്കുന്നതാണ് എച് 1ബി വിസ.