ദുബായ്: 28 കാരനായ മുഹമ്മദ് റിനാഷ്. തന്റെ വധശിക്ഷനടപ്പിലാക്കുന്നതിന്റെ ഒരു ദിവസം മുമ്പ് അമ്മയെ വിളിച്ചു. തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് അവൻ കരഞ്ഞുകൊണ്ട് ചോദിച്ചു. മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയോടെ ആ അമ്മ മകനെ ആശ്വസിപ്പിച്ചു. അവനെ തിരികെ കൊണ്ടുവരാന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ഉറപ്പ് നല്‍കി. എന്നാൽ ഇത് അവരുടെ അവസാന സംഭാഷണമാകുമെന്ന് അമ്മ ലൈല അറിഞ്ഞിരുന്നില്ല.
യുഎഇയിൽ വധശിക്ഷയ്‌ക്ക് വിധേയരായ രണ്ടു മലയാളികളിൽ ഒരാളായ തലശേരി നിട്ടൂർ സ്വദേശി അറങ്ങലോട്ട് മുഹമ്മദ് റിനാഷിന്റെ (28) കഥയാണിത്. ദുബായ് അൽഐനിലെ ട്രാവൽ എജൻസിയിലായിരുന്നു റിനാഷിന് ജോലി. 2021ലാണ് റിനാഷ് ജോലിയിൽ പ്രവേശിക്കുന്നത്. വാക്കുതര്‍ക്കത്തിനിടെ അറബ് പൗരനായ അബ്ദുല്ല സിയാദ് റാഷിദ് അല്‍ മന്‍സൂരിയെ കൊലപ്പെടുത്തിയതിനാണ് റിനാഷ് ശിക്ഷിക്കപ്പെട്ടത്. 2023 ഫെബ്രുവരി എട്ടിനായിരുന്നു കൊലപാതകം.
അന്നേ ദിവസം വധശിക്ഷയ്ക്കു വിധേയരായ രണ്ടുപേർ കൂടിയുണ്ട്. കയ്യൂർ– ചീമേനി സ്വദേശി മുരളീധരനും ഉത്തർപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ ഷെഹ്സാദി ഖാനും. മുരളീധരന്റെ പിതാവ് യുഎഇയിൽ ഡ്രൈവറായിരുന്നു. പിന്നാലെയാണ് മുരളീധരന്‍ യുഎഇയിലേക്ക് പോകുന്നത്. ഡ്രൈവറായി അവിടെ ജീവിതം തുടങ്ങിയ മുരളീധരൻ 2009 ൽ അല്‍ ഐനിൽ വെച്ച് അറസ്റ്റിലാവുകയായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ മൊയ്തീനെ കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ട കേസിലാണ് മുരളീധരനെ അറസ്റ്റ് ചെയ്‌ത് വധശിക്ഷയ്ക്കു വിധിച്ചത്. മകനെ മോചിപ്പിക്കാന്‍ കേശവന്‍ പല വഴികള്‍ തേടി. മരിച്ച വ്യക്തിയുടെ കുടുംബത്തില്‍ നിന്ന് മാപ്പ് നേടാന്‍ ശ്രമിച്ചു. എന്നാൽ ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ മാസം പതിനാലിന് വധശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം മകൻ വിളിച്ചറിയിച്ചപ്പോഴാണ് കേശവൻ അറിയുന്നത്.
ഷെഹ്സാദിയുടെ കാര്യവും വ്യത്യസ്‌തമല്ല. അവസാന ആഗ്രഹമെന്തെന്ന് ചോദിച്ചപ്പോൾ തന്റെ അമ്മയും അച്ഛനുമായും സംസാരിക്കണമെന്നാണ് മരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഷെഹ്സാദി പറഞ്ഞത്. അങ്ങനെയാണ് യുപി ബുന്ദേല്‍ഖണ്ഡിലെ കൊച്ചുവീട്ടിലേക്ക് ഫെബ്രുവരി 15ന് ആ കോളെത്തുന്നത്. ഷെഹ്‌സാദി 2021ലാണ് ജോലിക്കായി യുഎഇയിലേക്ക് പോകുന്നത്. 2022 ആഗസ്‌തിൽ കുഞ്ഞിനെ പരിചരിക്കുന്ന ജോലിയിൽ അവർ പ്രവേശിച്ചു. ഇന്ത്യന്‍ ദമ്പതികളുടെ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ച കേസിലാണ് ഷെഹ്സാദി ശിക്ഷിക്കപ്പെട്ടത്.
ഫെബ്രുവരി 15 നാണ് മൂന്നുപേരെയും വധശിക്ഷയ്‌ക്ക് വിധേയമാക്കിയത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. ഷെഹ്‌സാദിയുടെ മോചനത്തിനായി വിദേശമന്ത്രാലയത്തിന്റെ ഇടപെടൽ തേടി ബന്ധുക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്‌ച ഹൈക്കോടതി കേസ് പരിഗണിച്ച ഘട്ടത്തിൽ മാത്രമാണ് ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കിയെന്ന വിവരം വിദേശമന്ത്രാലയം അറിയിക്കുന്നത്. ഫെബ്രുവരി 28 ന് മാത്രമാണ് യുഎഇ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചതെന്നാണ് വിദേശമന്ത്രാലയത്തിന്റെ അവകാശവാദം. എന്നാൽ ഫെബ്രുവരി 28 ന് വിവരം അറിഞ്ഞിട്ടും അക്കാര്യം പുറത്തുവിടാൻ വിദേശമന്ത്രാലയം തയ്യാറായില്ല. ഷെഹ്‌സാദി വധിക്കപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കുന്നതിന് പകരം കോടതിയെയാണ് അറിയിച്ചത്. മലയാളികൾ വധശിക്ഷയ്‌ക്ക് വിധേയരായ വിവരമാകട്ടെ ബുധനാഴ്‌ച രാത്രി വൈകി വിദേശമന്ത്രാലയം കവർ ചെയ്യുന്ന മാധ്യമപ്രവർത്തകരെ മാത്രമായി അറിയിക്കുകയായിരുന്നു.
തങ്ങളുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റിൽ ഇതുരെയായി ഇന്ത്യാക്കാർ വധശിക്ഷയ്‌ക്ക് വിധേയരായ വിവരം വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചിട്ടില്ല. ഇന്ത്യാക്കാരുടെ മോചനത്തിനായി യുഎഇയിലെ എംബസി പരമാവധി ശ്രമിച്ചതായി അവകാശവാദമുണ്ട്. എന്നാൽ മോചനത്തിന് ഏതെല്ലാം വിധം ശ്രമിച്ചുവെന്ന് വിശദീകരണമില്ല. സംസ്ഥാനങ്ങൾക്ക് വധശിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിയമ സഹായങ്ങൾ ഉറപ്പാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അത്തരത്തിലൊരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണിത്. ഈ വധശിക്ഷയെക്കുറിച്ച് യുഎഇയുടെ വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് നോർക്കയ്‌ക്ക് യാതൊരു വിവരവും നൽകിയിരുന്നില്ല. നിലവിൽ 26 ഇന്ത്യക്കാരാണ് വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട് യുഎഇയിൽ കഴിയുന്നത്. എന്നാൽ ഏതെല്ലാം സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്നുള്ള വിവരങ്ങളൊന്നും തന്നെ കേന്ദ്രം നൽകുന്നില്ല. അതിനാൽ തന്നെ കേന്ദ്രം ഇതേകുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ മാത്രമേ കേരളത്തിന് ഏതെങ്കിലും തരത്തിൽ ഈ വിഷയങ്ങളിൽ ഇടപെടാൻ സാധിക്കുകയുള്ളൂ.
വധശിക്ഷയും കാത്ത് 51 പേർ
വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 51 ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിലാണ്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യുഎഇയിലാണ്. 26 പേർ. കേന്ദ്ര വിദേശ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടി പ്രകാരം സൗദിയിൽ 12 ഇന്ത്യക്കാരും കുവൈത്തിൽ മൂന്നുപേരും ഖത്തറിൽ ഒരാളും വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. വിചാരണ തടവുകാർ ഉൾപ്പെടെ 10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിലുണ്ട്. സൗദിയിലും (2,633), യുഎഇയിലു(2,518)മാണ് കൂടുതൽ തടവുകാർ ഉള്ളത്.
ലീഗൽ സെല്ലുകൾ ശക്തിപ്പെടുത്തി നോർക്ക
വിദേശരാജ്യങ്ങളിൽ ജയിലിൽ കഴിയുന്നവരുടെ വിവരശേഖരണത്തിന് നോർക്ക ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടി ലീഗൽ സെല്ലുകൾ ഇപ്പോൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ ജിസിസി രാജ്യങ്ങളിലായി നിലവിൽ ഏഴ് നിയമ വിദഗ്ധർ നോർക്കയ്ക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. 11 നിയമ വിദഗ്ധരുടെ കൂടെ സഹായം തേടാനുള്ള ശ്രമത്തിലാണ്. എംബസിയുമായി ചേർന്ന് ഓരോ മേഖലകളിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക എന്ന രീതി അവലംബിക്കാനാണ് ആലോചിക്കുന്നത്. അതിനുവേണ്ട നടപടികളുടെ ഒന്നാം ഘട്ടം പൂർത്തിയായി. അതിന്റെ രണ്ടാംഘട്ട നടിപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിലൂടെ വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്ന മലയാളികൾക്ക് വേണ്ട നിയമസഹായങ്ങൾ നൽകാൻ സാധിക്കും.
മുപ്പത്തിമൂന്ന് ലക്ഷത്തിലധികം പ്രവാസികൾ
ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലിചെയ്യുന്നതും ഏറ്റവും കൂടുതൽ മലയാളികൾ ജോലിചെയ്യുന്നതുമായ രാജ്യമാണ് യുഎഇ. മുപ്പത്തിമൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. അതിൽ പതിമൂന്നു ലക്ഷത്തിലധികം മലയാളികളാണ്.
ഇന്ത്യയിലേക്കു വരുന്ന വിദേശ പണത്തിന്റെ പ്രധാന ഉറവിടമാണ് യുഎഇ. 2023-ൽ ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചപണത്തിൽ 18% യുഎഇയിൽ നിന്നായിരുന്നു. അതായത് ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ 3.4 ശതമാനം യുഎഇ എന്ന രാജ്യത്തിൽ നിന്ന് മാത്രം പ്രവാസികളായ ഇന്ത്യക്കാര് അയക്കുന്ന പണമാണ്.
Courtesy: ദേശാഭിമാനി (ടി എസ് ശ്രുതി എഴുതിയത്)