സമ്പത്തിലും ആസ്തിയിലും മുന്നിലുള്ള മുസ്ലിം രാജ്യങ്ങളാണ് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങള്‍. ലോകത്ത് ഏറ്റവും മൂല്യമേറി കൊണ്ടിരിക്കുന്ന സ്വര്‍ണം എന്ന ലോഹം ഖനനം ചെയ്യുന്നതില്‍ ഈ രാജ്യങ്ങള്‍ പിന്നിലല്ല. പാകിസ്താനിലും ആഫ്രിക്കയിലും സ്വര്‍ണം ഖനനം ചെയ്യുന്നതില്‍ ഇരുരാജ്യങ്ങളും മുന്നിലുണ്ട്.
എന്നാല്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ അല്ല ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയുള്ളത്. ഇന്തോനേഷ്യയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഈ രാജ്യത്തെ പപുവ മേഖലയിലാണ് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനി. ഓരോ വര്‍ഷവും 48 ടണ്‍ സ്വര്‍ണമാണ് ഇവിടെ ഖനനം ചെയ്‌തെടുക്കുന്നത്.
ഗ്രാസ്‌ബെര്‍ഗ് എന്ന് അറിയപ്പെടുന്ന സ്വര്‍ണഖനിയാണ് ഇന്തോനേഷ്യയുടെ സാമ്പത്തിക കരുത്ത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ശേഖരമുള്ള ഇവിടെ തന്നെയാണ് കൂടുതല്‍ സ്വര്‍ണ ഖനനം ചെയ്യുന്നതും. ലോകത്തെ ഏറ്റവും വലിയ ചെമ്പ് ഖനികളിലൊന്നും ഇവിടെ തന്നെയാണ് എന്നതും എടുത്തു പറയണം. ഈ ഖനിയിലെ അയിര് വേര്‍ത്തിരിക്കുമ്പോള്‍ ലഭിക്കുന്നത് സ്വര്‍ണവും ചെമ്പുമാണ്.
പപുവയിലെ ഏറ്റവും വലിയ മലനിരകളിലാണ് ഗ്രാസ്‌ബെര്‍ഗ് ഖനി. സ്വര്‍ണവും ചെമ്പും മാത്രമല്ല, വിവിധ ധാതുക്കളാല്‍ സമ്പന്നമാണ് ഈ ഭൂപ്രദേശം. ഈ ഖനിയുടെ ഒരു ഭാഗം നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. 20000ത്തില്‍ അധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ യാത്ര എളുപ്പമാക്കാന്‍ ഖനിയോട് ചേര്‍ന്ന് വിമാനത്താവളവുമും തുറമുഖവുമുണ്ട്.
വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയെല്ലാം ഈ പ്രദേശത്തുണ്ട്. ഖനിയിലെ ജോലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് എല്ലാം ഒരുക്കിയിരിക്കുന്നത്. ഡച്ച് ഭൗമശാസ്ത്രജ്ഞനായ ജീന്‍ ജാക്വിസ് ഡോസിയാണ് ഇന്തോനേഷ്യയിലെ ഈ പ്രദേശത്തെ ഖനി കണ്ടെത്തിയത്. 1936 ല്‍ ആയിരുന്നു ഇത്. എന്നാല്‍ തുടക്കത്തില്‍ ഖനനം നടത്താന്‍ സാധിച്ചില്ല. ഖനനം തുടങ്ങിയത് 1960കളിലാണ്.
അരിസോണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഖനന കമ്പനിയായ ഫ്രീപോര്‍ട്ട്-മക്‌മോറന്‍ ആണ് ഖനനം തുടങ്ങിയത്. ഖനന സാധ്യത കണ്ട് ഇവര്‍ ഈ സ്ഥലം ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഇന്തോനേഷ്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് ഈ ഖനിയാണ്. 2041 വരെ ഖനനം നടത്താനുള്ള അനുമതി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഫ്രീപോര്‍ട്ട് കമ്പനിക്ക് അടുത്തിടെ നല്‍കിയിരുന്നു.
2023ല്‍ ഗ്രാസ്‌ബെര്‍ഗ് ഖനിയില്‍ നിന്ന് 52 ടണ്‍ സ്വര്‍ണം ഖനനം ചെയ്തിരുന്നു. കൂടാതെ 680000 ടണ്‍ ചെമ്പും 190 ടണ്‍ വെള്ളിയും ഖനനം ചെയ്തു. ഇത്രയും ഖനനം നടക്കുന്ന മറ്റൊരു ഖനിയും ലോകത്തില്ല. 4000 കോടി ഡോളര്‍ മൂല്യമുള്ള സ്വര്‍ണ ശേഖരം ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്. അതായത്, ഇനിയും ഏറെ കാലം ഇവിടെ സ്വര്‍ണ, ചെമ്പ്, വെള്ളി ഖനനം നടക്കുമെന്ന് ചുരുക്കം.