മനാമ: 70 വർഷത്തോളമായി ബഹ്‌റൈൻ എന്ന അറബ് രാജ്യത്തെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച ഇന്ത്യൻ വ്യവസായി ബാബു ഹരിദാസ് കേവൽറാമിന് ഒടുവിൽ അന്ത്യവിശ്രമവും ബഹ്റൈന്റെ മണ്ണിൽ തന്നെ. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേവൽറാം ആൻഡ് സൺസിന്റെ ചെയർമാൻ കൂടിയായ അദ്ദേഹം അന്തരിച്ചത്. ബഹ്‌റൈൻ എന്ന രാജ്യത്തെ ജീവനോളം സ്നേഹിച്ച അദ്ദേഹത്തിന്റെ അന്ത്യ വിശ്രമവും ബഹ്‌റൈനിൽ തന്നെ മതിയെന്ന് കുടുംബം നിശ്ചയിച്ചതോടെ ആൽബയ്ക്കടുത്തുള്ള അസ്കറിലുള്ള ഹിന്ദു ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്കരിക്കുകയായിരുന്നു.
കേവൽറാമിന്റെ പ്രവാസ ജീവിതം:
ഇന്ത്യാ വിഭജനത്തിന് എൺപത് വർഷങ്ങൾക്ക് മുൻപ് ബഹ്‌റൈനിലേക്ക് എത്തിയ ഏറ്റവും പ്രശസ്തവും പഴക്കമേറിയതുമായ ഇന്ത്യൻ കുടുംബങ്ങളിൽ ഒന്നാണ് കേവൽറാം കുടുംബം. വിഭജനത്തിന് മുൻപ് പാക്കിസ്ഥാൻ പ്രവിശ്യയിൽ താമസിച്ചിരുന്ന ഹിന്ദു കുടുംബങ്ങളിൽ ഒന്നായിരുന്നു ഇവർ. ബാബു കേവൽറാമിന്റെ മുത്തച്ഛൻ രാജ്യത്തിന് ആവശ്യമായ മുത്തുകളും സാധനങ്ങളും വിൽക്കാനും വ്യാപാരം ചെയ്യാനും അന്ന് പതിവായി ബഹ്‌റൈനിൽ എത്തിയിരുന്നു.
ഇന്ത്യയും പാക്കിസ്‌ഥാനും രണ്ട് രാജ്യങ്ങളായി വിഭജനവും ഉണ്ടായതോടെ, കുടുംബം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ ബോംബെയിലേക്കും മുത്തച്ഛൻ കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്കും താമസം മാറി. അന്ന് മനാമ ബാബ് അൽ ബഹ്‌റൈൻ സ്ട്രീറ്റിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വാച്ചുകൾ, സമ്മാനങ്ങൾ, ബാഗുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിൽപനശാലയ്ക്ക് മുത്തച്ഛൻ തുടക്കമിട്ടു.
1920 ൽ ബഹ്‌റൈനിലെത്തിയ ബാബുവിന്റെ പിതാവ് ഹരിദാസും 51 ൽ ബഹ്‌റൈനിൽ എത്തിയ സഹോദരൻ സുന്ദർദാസും ചേർന്ന് തുടങ്ങിയ കുടുംബ ബിസിനസിൽ ചേരാൻ 1954 ൽ ഇളയ മകനായ ബാബുവും ബഹ്റൈനിലെത്തി. പിന്നീട് ഈ വിൽപനശാലകളുടെ മേൽനോട്ടം ബാബുവിനായിരുന്നു. വ്യാപാരത്തിലെ സത്യസന്ധതയും ആത്മാർത്ഥതയും ബഹ്‌റൈനിലെ എല്ലാ വ്യാപാരികളുമായും കുടുംബങ്ങളുമായും ശക്തമായ ബന്ധം ഉണ്ടാക്കാൻ സഹായകമായി.
തുടക്കം തുണിത്തരങ്ങളുടെയും മുത്തുകളുടെയും വ്യാപാരമായിരുന്നു.പിന്നീട് , ആഭരണശാലകൾ ഉൾപ്പെടെ ആറ് വ്യവസായ സംരംഭങ്ങൾ കേവൽറാം കുടുംബത്തിന് ബഹ്‌റൈനിൽ തുടങ്ങി. കേവൽറാം കുടുംബം യുഎഇയിലെ ബന്ധുക്കളുമായി ചേർന്ന് പ്രാദേശികമായി വലിയ വികസനമാണ് പിന്നീട് നടത്തിയത്.
കേവൽറാം തുണിത്തരങ്ങളുടെ ബിസിനസ്സ് ജപ്പാൻ, ഇന്ത്യ, ഇന്തോനീഷ്യ, കൊറിയ എന്നിവിടങ്ങളിലേക്ക് വിപുലപ്പെടുത്തി. ബഹ്‌റൈനിലെ തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രോണിക്‌സ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം തുടങ്ങി ഒട്ടുമിക്ക വ്യവസായങ്ങളിലും സജീവമായിരിക്കുന്ന കേവൽറാം കുടുംബം, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ കുടുംബങ്ങളിൽ ഒന്നാണ്.
പദവികളേറെ:
1975 മുതൽ 2012 വരെ, കാലഘട്ടത്തിൽ തുടർച്ചയായി മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ഹിന്ദു ക്ഷേത്രത്തിന്റെ സാരഥ്യമുള്ള തട്ടായി ഹിന്ദു കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ബാബു കേവൽറാം. കൂടാതെ ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഏഷ്യൻ അമരക്കാരനായും പ്രവർത്തിച്ചു. ഇന്ത്യൻ എംബസിയുടെ കീഴിൽ രൂപീകരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഏറെ നാൾ അതിന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചു.
പാഴ്സി, അറബിക്, ഹിന്ദി, സിന്ധി, ഇംഗ്ലിഷ് എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം ഉദ്യോഗസ്‌ഥ തലങ്ങളിലും അദ്ദേഹത്തിന് വിവിധ സ്ഥാനങ്ങൾ ലഭ്യമാക്കി. ബഹ്‌റൈനിലെ രാജകുടുംബവും കേവൽറാം കുടുംബവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. എല്ലാ വർഷവും ദീപാവലി ആഘോഷങ്ങളിൽ രാജകുടുംബത്തിലുള്ളവർ കേവൽറാം കുടുംബത്തിൽ സന്ദർശനം നടത്തിയിരുന്നു.
മോദിയുടെ വിരുന്നിലും കേവൽറാം കുടുംബം:
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദർശനത്തോടനുബന്ധിച്ച് ബഹ്‌റൈൻ രാജാവ് ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിലും ബാബു കേവൽറാമും അദ്ദേഹത്തിന്റെ അനന്തരവൻ കിഷോറും പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. മക്കളായ ജയ്, വിനോദ്, അനൂപ്, മകൾ നിലൂ, അനന്തരവൻ കിഷോർ, അനന്തരവൻ തരു, അവരുടെ കുടുംബങ്ങൾ എന്നിവരുൾപ്പെടെ അടുത്ത തലമുറയും കേവൽറാമിന്റെ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നു .
വിദ്യാഭ്യാസ രംഗത്തും സംഭാവനകളേറെ:
ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് ബാബു കേവൽറാമും കേവൽറാം കുടുംബവും വലിയ പിന്തുണയാണ് നൽകുന്നത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ പിന്തുണയ്ക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ബാബു കേവൽറാം പ്രധാന പങ്ക് വഹിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളായ ഇന്ത്യൻ സ്‌കൂളിനോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം പലപ്പോഴും പ്രതിഫലിപ്പിക്കുകയും സ്‌കൂളിന്റെ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു .
ഇക്കഴിഞ്ഞ ജനുവരി 23ന് നടന്ന ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലും ബാബു കേവൽറാം സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും മാർഗനിർദേശവും വിലമതിക്കാനാവാത്തതാണെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ ഇന്ത്യൻ സ്‌കൂൾ അനുശോചനം അറിയിച്ചു.