റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട് സ്വദേശി റിയാദിൽ അന്തരിച്ചു. തമിഴ്നാട്, കല്ലകുറിച്ചി, സേരപ്പെട്ട്, കീരപ്പള്ളി സ്വദേശി പരേതരായ പച്ചിയ്യപ്പന്റെയും പാഞ്ചാലിയുടേയും മകനായ പ്രകാശൻ (27) രണ്ടു വർഷമായി സ്വദേശിയുടെ കിഴിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയിലാണ് ജോലിസ്ഥലമായ ലൈല അഫ് ലാജിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചത്.
മാതാപിതാക്കളും നേരത്തെ മരിച്ചിരുന്ന അവിവാഹിതനായ പ്രകാശന്റെ അടുത്ത ബന്ധുക്കളെപ്പറ്റി യാതൊരു വിവരവുമില്ലാത്ത സ്ഥിതിയിൽ മൃതദേഹം സംസ്കരിക്കുന്നതിന് അനന്തര നിയമനടപടികൾ പൂർത്തീകരിക്കുന്നത് സങ്കീർണ്ണമായിരുന്നു. ഏറെ അന്വേഷണങ്ങളുടെയും ശ്രമങ്ങളുടെയും ഫലമായി നാട്ടിലുള്ള അകന്ന ബന്ധുക്കളെ കണ്ടെത്തി മതിയായ അനുമതി രേഖകൾ ശരിയാക്കി. ലൈല അഫ് ലാജിൽ മൃതദേഹം സംസ്കരിച്ചു.