സൗദി സന്ദർശിക്കാനൊരുങ്ങി ട്രംപ്; പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും

റിയാദ്: ഏപ്രിൽ പകുതിയോടെ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. 

അധികാരത്തിൽ പ്രവേശിച്ച ശേഷം ട്രംപ് ഫോണിൽ സംസാരിച്ച ആദ്യ വിദേശ നേതാവാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ആദ്യ തവണ അധികാരത്തിൽ പ്രവേശിച്ചപ്പോഴും പാരമ്പര്യങ്ങൾ ലംഘിച്ച്് ട്രംപ് ആദ്യ സന്ദർശനം നടത്തിയതും സൗദി അറേബ്യയിൽ തന്നെയാണ്. ഉഭയകക്ഷി സഹകരണം, മതം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ട്രംപുമായി  ചർച്ച ചെയ്യാൻ ഏറെ കാര്യങ്ങളുണ്ടെന്ന് നേരത്തെ സൗദി കിരീടാവകാശി വ്യക്തമാക്കിയിരുന്നു. 

യുക്രെയ്ൻ വിഷയവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മർകോ റുബിയോയുമായി  കിരീടാവകാശി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ്–റഷ്യൻ ചർച്ചകൾക്കായി റിയാദിൽ വേദിയൊരുക്കിയതിന് ട്രംപ് സൗദി കിരീടാവകാശിയ്ക്ക്് നന്ദി അറിയിച്ചിരുന്നു. യുക്രെയ്ൻ വിഷയത്തിൽ റിയാദിൽ നടന്ന യുഎസ്–റഷ്യ ചർച്ച ഫലപ്രദമായിരുന്നുവെന്ന് കഴിഞ്ഞ മാസം മിയാമിയിൽ നടന്ന ഉച്ചകോടിയിൽ ട്രംപ് വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *