കാരുണ്യത്തിനായി കാത്തുനിന്നില്ല: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു; വിടപറഞ്ഞത് കൊല്ലം സ്വദേശി

മസ്‌കത്ത്: ആറ് മാസത്തിലധികമായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി മഹേഷ് കുമാര്‍ അന്തരിച്ചു. രണ്ടു വൃക്കകളും തകരാറിലായ മഹേഷിനെ 2024 ഒക്ടോബര്‍ മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

എട്ട് വര്‍ഷമായി വീസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ ഒമാനില്‍ കഴിഞ്ഞിരുന്ന മഹേഷിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി ഡയാലിസിസിന് വിധേയമാക്കുകയും അനിവാര്യമായ തുടര്‍ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു.

ക്രോണിക് കിഡ്‌നി ഡിസീസ് അഞ്ചാം ഘട്ടത്തിലും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വളരെ താഴ്ന്ന നിലയിലുമായിരുന്ന മഹേഷിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ച്ചയായി ഡയാലിസിസിലൂടെയും മറ്റു ചികിത്സയിലൂടെയും ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. രണ്ട് മാസത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ മഹേഷിന് നാട്ടിലേക്ക് വീല്‍ ചെയറില്‍ യാത്ര ചെയ്യാനുള്ള ആരോഗ്യത്തിലെത്തിച്ചേര്‍ന്നിരുന്നു.

വാര്‍ഡിലേക്ക് മാറ്റിയ മഹേഷിന്റെ മാനസികാരോഗ്യം വഷളാകുകയും പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെടുകയും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയും ചെയ്തു. ഇതോടെ നാട്ടിലേക്ക് കൊണ്ടുപോയി ചികിത്സ തുടരുന്നതിനുള്ള സാധ്യതകള്‍ മങ്ങി.

ഇതിനിടെ മഹേഷ് കുമാറിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞ ഒക്ടോബര്‍ 29ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഔട്ട്പാസ്/എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തിരുന്നു. അടിയന്തര സര്‍ട്ടിഫിക്കറ്റ് 2025 ഏപ്രില്‍ 28 വരെ സാധുവാണ്. എന്നാല്‍, നാട്ടിലേക്കുള്ള മടക്ക യാത്രയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കും വലിയ തുക ആവശ്യമായതിനെ തുടർന്ന് മഹേഷിന്റെ മടക്കയാത്ര നീളുകയായിരുന്നു.

മാസങ്ങളോളം ചികിത്സ തുടര്‍ന്നതോടെ ഇക്കാലയളവില്‍ ഏകദേശം 30,000 ഒമാനി റിയാലിന് മുകളിലാണ് ആശുപത്രി ബില്‍. മഹേഷിനെ നാട്ടില്‍ എത്തിക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *