ഹൈദരാബാദ്: എച്ച്1-ബി വിസയുള്ളവരുടെ ആശ്രിതരായി എത്തിയ യുവാക്കൾക്ക് യു.എസ് വിടേണ്ടി വരുമെന്ന് സൂചന. കുട്ടികളായി യു.എസിലെത്തി 21 വയസ് പൂർത്തിയായവർക്കാണ് നാട് വിടേണ്ടി വരിക ആശ്രിത വിസയുടെ കാലാവധി അവസാനിക്കാനിക്കുന്നതാണ് ഇവർക്ക് തിരിച്ചടിയാവുന്നത്.
പുതിയ വിസയിലേക്ക് ഇവർ മാറിയില്ലെങ്കിൽ കാലാവധി അവസാനിക്കുന്നതിനനുസരിച്ച് ആശ്രിത വിസയിലെത്തിയവർക്ക് യു.എസ് വിടേണ്ടി വരും. 1.31 ലക്ഷം പേർക്കെങ്കിലും ഇതുമൂലം അമേരിക്ക വിടേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പുതിയ വിസയിലേക്ക് മാറാൻ ഇത്തരക്കാർക്ക് യു.എസ് രണ്ട് വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ പുതിയ വിസയെടുത്തില്ലെങ്കിൽ ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് യു.എസിന്റെ അറിയിപ്പ്.
നിലവിൽ യു.എസിലുള്ള ഇന്ത്യക്കാർക്ക് ഗ്രീൻകാർഡ് ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ഗ്രീൻകാർഡിനായി അപേക്ഷിച്ചാൽ വർഷങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാണ് ഇന്ത്യക്കാർ. ഇതും യു.എസിൽ ആശ്രിതവിസയിലെത്തിയ ഇന്ത്യക്കാരെ ആശങ്കയിലാക്കുന്നുണ്ട്. നേരത്തെ ഇന്ത്യക്കാർ ഉൾപ്പടെയുള്ള അനധികൃത കുടിയേറ്റക്കാരെ ഡോണൾഡ് ട്രംപ് നാടുകടത്തിയിരുന്നു.
205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായാണ് ആദ്യ യു.എസ് വിമാനം ഇന്ത്യയിലെത്തിയത്. പിന്നീട് 119 പേരെ കൂടി യു.എസ് സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് സൈനിക വിമാനത്തിൽ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ നാടുകടത്തുന്നത്.