ഉന്നത പഠനത്തിന് ശേഷം മികച്ച വ്യക്തിജീവിതവും തരക്കേടില്ലാത്ത ശമ്പളവും ലഭിക്കും എന്ന പ്രയോജനം കൊണ്ടാണ് പലരും പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. ചിലർ സ്‌കൂൾ പഠനം കഴിഞ്ഞോ ജോലി രാജിവച്ച് പഠനത്തിലോ വിദേശത്തേക്ക് പോകുന്നുണ്ട്. ഇത്തരത്തിൽ കൈനിറയെ പണം ലഭിക്കുന്ന ജോലിക്കായി പലരും പോകുന്ന രാജ്യമാണ് അമേരിക്ക.
പരിശീലനം ലഭിച്ച വിദേശ തൊഴിലാളികൾക്ക് അമേരിക്ക നൽകുന്ന താൽക്കാലിക വിസയായ എച്ച്-1ബി വിസ ഏറ്റവുമധികം നേടിയത് ഏത് രാജ്യക്കാരെന്ന വിവരം ഇപ്പോൾ പുറത്തായിരിക്കുകയാണ്. പ്യു റിപ്പോർട്ട് പ്രകാരം 2023ൽ 73 ശതമാനം എച്ച് 1 ബി വിസ നേടിയതും ഇന്ത്യക്കാരാണ്. രണ്ടാമതുള്ളത് ചൈനയാണ്. കേവലം 12 ശതമാനം.
പിന്നീടുള്ള സ്ഥാനങ്ങളിൽ ഒരു രാജ്യത്തിന് പോലും രണ്ട് ശതമാനത്തിൽ കൂടുതൽ അംഗീകാരം ലഭിച്ചിട്ടില്ല. 2010 മുതൽ ഇന്ത്യക്കാർ തന്നെയാണ് എച്ച്1 ബി വിസ നേടുന്നതിൽ കൂടുതലും. 2024ൽ ഇത് 65 ശതമാനമായിരുന്നു. 258,196 ഇന്ത്യക്കാരാണ് ഇക്കാലയളവിൽ വിസ പുതുക്കിയത്. 141207 പേർ മാത്രമാണ് പുതുതായി വിസ ലഭിച്ചവർ.
ഇമിഗ്രേഷൻ, നികുതിനിരക്ക്, കച്ചവട രീതികളിൽ ട്രംപ് പ്രസിഡന്റായി വന്നശേഷം വ്യാപകമായി മാറ്റം കൊണ്ടുവന്നിരുന്നു. ചെലവ് ചുരുക്കൽ നടപടികളടക്കം ഊർജ്ജിതമാക്കിയ ട്രംപ് ഭരണകൂടത്തിൽ എച്ച്1 ബി വിസ നൽകുന്നത് എങ്ങനെയെന്നത് ചർച്ചാ വിഷയമാണ്. കഴിഞ്ഞ 25 വർഷത്തെ കണക്ക് പരിശോധിച്ചാൽ ഇരട്ടിയോളമാണ് എച്ച്1 ബി വിസ അംഗീകരിക്കുന്നതിലെ കണക്ക്. നാല് ലക്ഷമാണ് ഇത്തവണ അംഗീകരിച്ച എണ്ണം.
ഇമിഗ്രേഷൻ നടപടികൾ കർശനമാക്കിയ 2018ൽ പുതിയ വിസയ്‌ക്ക് അപേക്ഷിച്ച 24 ശതമാനം പേരുടെയും പുതുക്കാൻ ശ്രമിച്ച 12 ശതമാനം പേരുടെയും അപേക്ഷ തള്ളിയിരുന്നു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട തൊഴിലിനാണ് 65 ശതമാനം ഇന്ത്യക്കാരും അമേരിക്കയിൽ എത്തുന്നത്. സിസ്‌റ്റം അനാലിസിസ്, പ്രോഗ്രാമിംഗ് എന്നിങ്ങനെ ജോലികൾക്കായി അമേരിക്കയിൽ പരമാവധി 123,600 ഡോളർ ശമ്പളവും ലഭിക്കും. രണ്ടാമത് എഞ്ചിനീയറിംഗും ആർകിടെക്‌ചറുമാണ്. 115,000 ഡോളറാണ് ഇതിനായി നൽകുന്ന ശമ്പളം.