കാലിഫോർണിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അടുത്ത അനുയായിയും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്‌കിന്റെ കാലിൽ ചുംബിക്കുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഈ വീഡിയോ അമേരിക്കയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് (എച്ച് യു ഡി) കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനുകളിൽ സംപ്രേഷണം ചെയ്യുന്നതും പുറത്തുവന്നിരുന്നു.
ഓഫീസിലെ കസേരയിൽ ഇരിക്കുന്ന ഇലോൺ മസ്‌കിന്റെ പാദത്തിൽ ട്രംപ് നിരന്തരം ചുംബിക്കുന്നതാണ് വീഡിയോ. ഒപ്പം അദ്ദേഹം ഇലോൺ മസ്‌കിന്റെ പാദങ്ങൾ വിനയത്തോടെ തടവുന്നുമുണ്ട്. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ച ഡീപ്‌ഫേക്ക് വീഡിയോയാണിത്. ഇരുവരുടെയും സൗഹൃദത്തെ പരിഹസിച്ചുക്കൊണ്ടാണ് വീഡിയോ വന്നിരിക്കുന്നത്.
‘യഥാർത്ഥ രാജാവ് നീണാൾ വാഴട്ടെ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കഴിഞ്ഞ ആഴ്ച ട്രംപ് സോഷ്യൽ മീഡിയയിൽ ‘രാജാവ് നീണാൾ വാഴട്ടെ’ എന്ന തരത്തിലുളള പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ എച്ച് യു ഡി വക്താവ് കാസി ലോവെറ്റ് ദി ഹില്ലിനോട് പ്രതികരിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇലോൺ മസ്‌ക്, ഇതിനകം തന്നെ ട്രംപിന്റെ ഏറ്റവും വലിയ അടുപ്പക്കാരിൽ ഒരാളായി മാറി കഴിഞ്ഞു. കഴിഞ്ഞ മാസം ട്രംപ് അധികാരത്തിൽ കയറിയത് മുതൽ നിരവധി നീക്കങ്ങൾ ഇലോൺ മസ്ക് നടപ്പിലാക്കി കഴിഞ്ഞു. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പുറത്താക്കിയത് ഇലോൺ മസ്‌കിന്റെ നിർണായക തീരുമാനമായിരുന്നു.