അബുദാബി: മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്ന് മുതൽ റംസാൻ വ്രതാനുഷ്ഠാനം ആരംഭിച്ചിരിക്കുകയാണ്. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയിലും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് റംസാൻ മാസത്തിന് തുടക്കം കുറിച്ചുള്ള മാസപ്പിറവി ദൃശ്യമായത്. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു
പ്രവാസികൾക്കടക്കം തൊഴിൽ സമയത്ത് ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന സമയം കൂടിയാണ് റംസാൻ കാലം. റംസാൻ കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പ്രവാസികൾ സ്വന്തം നാടുകളിലേയ്ക്ക് പോകാറുണ്ട്. എന്നാൽ കൂടുതൽ പ്രവാസികളും റംസാൻ കാലത്ത് യുഎഇയിൽ തന്നെ തങ്ങാനാണ് ഇഷ്ടപ്പെടുന്നത്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ: https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
കുറഞ്ഞ ജോലി സമയം, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം, പുണ്യമാസത്തിൽ യുഎഇയിലെ അതുല്യമായ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങളാണ് പ്രവാസികളുടെ ഈ തീരുമാനത്തിന് പിന്നിൽ. റംസാൻ മാസത്തിൽ യുഎഇയിൽ താമസിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് പല താമസക്കാരും പറയുന്നു.
റംസാൻ കാലത്ത് തൊഴിൽ സമയം കുറയുന്നതിനാൽ ജോലിത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് സമാധാനത്തോടെയും സന്തോഷത്തോടെയും സമയം ചെലവിടാം. രാത്രികാലങ്ങളിൽ നിരത്തുകളിൽ ലൈറ്റുകൾ തെളിയുന്ന സുന്ദരമായ കാഴ്ചാനുഭവം നൽകുന്നു. ഇഫ്‌താറിനായി ആളുകൾ ഒത്തുകൂടുന്നതും പരമ്പരാഗത ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രത്യേക അനുഭവമാണ്. യുഎഇയിലെ റംസാൻ ഊർജസ്വലമായ, ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന അനുഭവമാണെന്നും പ്രവാസികൾ പങ്കുവയ്ക്കുന്നു.