കരിപ്പൂർ: പ്രവാസികൾ കൂടുതലുള്ള ഖത്തർ, ബഹറൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന ഗൾഫ് സെക്ടറുകളിലേക്കുള്ള യാത്രാനിരക്ക് പെരുന്നാളും വിഷുവും മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ അഞ്ചിരട്ടി കൂട്ടി. വെള്ളിമുതൽ ഏപ്രിൽ 20വരെയുള്ള ദിവസങ്ങളിലാണ് നിരക്കുവർധന.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–കരിപ്പൂർ നിരക്ക് വ്യാഴാഴ്ച 21,000 രൂപയായിരുന്നു. വെള്ളിയാഴ്ചയിലെ നിരക്ക് 39,921 രൂപയായി. വിഷുദിനത്തിൽ ടിക്കറ്റ് ലഭ്യമാണെങ്കിലും ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികൾ 43,916 രൂപയാണ് ഈടാക്കുക. കരിപ്പൂർ–- ദുബായ് നിരക്കും നാലിരട്ടി വർധിപ്പിച്ചു. 9000–-10000ത്തിനും ഇടയിൽ ലഭ്യമായിരുന്ന ടിക്കറ്റിന് 33,029 രൂപമുതൽ 42,000 രൂപവരെ നൽകണം.
നെടുമ്പാശേരി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് ഗൾഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും വർധനയുണ്ട്. നിലവിൽ 10,000നും 12,000ത്തിനും ഇടയിൽ ലഭിച്ചിരുന്ന ടിക്കറ്റിന് 18,070 മുതൽ 52,370 രൂപവരെ നൽകണം.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
ദുബായ്–-കണ്ണൂർ നിരക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികൾ വർധിപ്പിച്ചു. വെള്ളിയാഴ്ച 31,523 രൂപയാണ് നിരക്ക്. എന്നാൽ, പെരുന്നാളിന് തൊട്ടടുത്തദിവസം 28ന് 52,143 രൂപയും വിഷുദിവസം 57,239 രൂപയും നൽകണം. ദുബായ്–-നെടുമ്പാശേരി ടിക്കറ്റ് നിരക്ക് 20ന് 25,835ഉം 22ന് 38,989 രൂപയായി ഉയരും. 30ന് 49,418 രൂപ നൽകണം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–-തിരുവനന്തപുരം നിരക്ക് 29ന് 62,216 രൂപയാണ്. വെള്ളിയാഴ്ചമാത്രം ഈ സെക്ടറിൽ 27,138 രൂപക്ക് ടിക്കറ്റ് ലഭ്യമാകും. പിന്നീട് വിഷുകഴിയുംവരെ 40,000ത്തിന് മുകളിലാണ് നിരക്ക്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ജിദ്ദ–- കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി, തിരുവനന്തപുരം നിരക്കിൽ കാര്യമായ മാറ്റമില്ല. ശനിയാഴ്ചമുതൽ ഇതും വർധിക്കും. 39,921 മുതൽ 53,575 രൂപവരെയാണ് വർധന. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നിരക്ക് വർധനയില്ല.