വാഷിംഗ്ടൺ: പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് യുഎസ് വിസ റദ്ദാക്കിയ വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. രഞ്ജനി ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇതോടെ വിസ റദ്ദാക്കുകയായിരുന്നു.
യുഎസിൽ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ്പ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് തീവ്രവാദത്തെയും അക്രമത്തെയും ന്യായീകരിക്കുന്നത് യുഎസിൽ അനുവദിക്കില്ലെന്ന് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയീം സോഷ്യൽ മീഡിയയിൽ കുറിച്ചു. യുഎസിൽ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പ്രത്യേക അനുകൂല്യമാണ്. അക്രമത്തിനും തീവ്രവാദത്തിനും വേണ്ടി വാദിക്കുന്നവർക്ക് അത് നഷ്ടപ്പെടും. ഈ രാജ്യത്ത് നിങ്ങൾ ഇനി ഉണ്ടാകരുതെന്നും ദൃശ്യങ്ങൾക്കൊപ്പം സെക്യൂരിറ്റി സെക്രട്ടറി കുറിച്ചു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
യുഎസിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണകൂടം വിദേശ വിദ്യാർത്ഥികളുടെ മേൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് രഞ്ജനിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ യുഎസ് തീരുമാനിച്ചത്. കൊളംബിയ സർവ്വകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ ഗവേഷണ വിദ്യാർത്ഥിനിയാണ് രഞ്ജനി ശ്രീനിവാസൻ. അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോർമെന്റൽ പ്ലാനിംഗ് ആൻഡ് ടെക്‌നോളജിയിൽ നിന്നും ബിരുദവും ഹാർവാഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് രഞ്ജനി ഗവേഷണത്തിന് കൊളംബിയ സർവ്വകലാശാലയിൽ എത്തിയത്.