ദുബായ്: കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ യുഎഇയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരുടെ കാഴ്ച ആർക്കും മറക്കാനാവില്ല. ആ ദിവസങ്ങളിലൊന്നിൽ, മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവിയിൽനിന്ന് ഇന്ത്യക്കാരടക്കം അഞ്ചുപേരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ധീരത കാണിച്ച ഇന്ത്യൻ യുവാവിനെ ദുബായ് പൊലീസ് ആദരിച്ചു. ദുബായിൽ ട്രെയിനി ഓഡിറ്ററായ ഷാവേസ് ഖാനെ(28)യാണ് മെഡലും 1,000 ദിർഹം കാഷ് അവാർഡും നൽകി ദുബായ് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആദരിച്ചത്.
കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിങ് ഡയറക്‌ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരി ഷാവേസിന്റെ ധീരമായ പ്രവർത്തിയെ അംഗീകരിച്ച് സർട്ടിഫിക്കറ്റ്, മെഡൽ, ചെക്ക് എന്നിവ സമ്മാനിച്ചു.
വിശ്വസിക്കാനാകുന്നില്ല, ഈ അംഗീകാരം:
എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, അത്തരമൊരു സാഹചര്യത്തിൽ ആരും ചെയ്യേണ്ട കാര്യമാണ് ഞാൻ ചെയ്തത്-പൊലീസിന്റെ അംഗീകാരം ഏറ്റുവാങ്ങിക്കൊണ്ട് സന്തോഷത്തോടെ ഷാവേസ് പറഞ്ഞു. ദുബായ് പൊലീസിൽനിന്ന് ഫോൺ കോൾ ലഭിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നീട് മെഡൽ സ്വീകരിച്ച് അവിടെ നിന്നത് ഒരു സ്വപ്നംപോലെ തോന്നി. ഉത്തർപ്രദേശ് മീററ്റിലെ ഫലൗഡ സ്വദേശിയാണ് ഷാവേസ്. ആദരം ഏറ്റുവാങ്ങാനായി പൊലീസ് ക്ഷണിച്ചശേഷം ഷാവേസ് ആദ്യം വിളിച്ചത് നാട്ടിലുള്ള മാതാപിതാക്കളെയാണ്. അവർ അതിയായി സന്തോഷിച്ചു. കാര്യം അറിഞ്ഞപ്പോൾ അമ്മ പറഞ്ഞത്, ‘‘അന്ന് നീ ഞങ്ങളെ ഭയപ്പെടുത്തി, പക്ഷേ ഇന്ന് നീ ഞങ്ങളെ അഭിമാനഭരിതരാക്കി’’.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
ഷാവേസ് ഖാൻ എന്ന ഹീറോ ജനിച്ച ദിവസം:
2024 ഏപ്രിൽ 16 നായിരുന്നു ഷാവേസ് ഖാനെ ഹീറോയാക്കിയ സംഭവം നടന്നത്. ദുബായിയുടെ പല ഭാഗങ്ങളിൽ പേമാരി പെയ്ത ദിവസം. അസർ നമസ്കാരത്തിനു ശേഷം പാലത്തിലൂടെ യാത്രചെയ്യുമ്പോഴാണ് കൊക്കകോള അരീനയ്ക്ക് സമീപം വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു മഞ്ഞ എസ്‌യുവി കണ്ടത്. മറ്റൊന്നും ചിന്തിക്കാതെ ഷാവേസ് 20 അടി താഴ്ചയിലേക്ക് ചാടി. സമീപത്തുണ്ടായിരുന്ന ഒരു തൊഴിലാളിയുടെ കൈയിൽനിന്ന് ചുറ്റിക വാങ്ങി കാറിന്റെ ഗ്ലാസ് മേൽക്കൂര ഇടിച്ചു തകർത്തു. കാറിനുള്ളിലുണ്ടായിരുന്നവരുടെ മുഖങ്ങൾ ഇപ്പോഴും ഷാവേസ് ഓർക്കുന്നു: ‘‘പരിഭ്രാന്തരായ അവർ കാറിന്റെ ചില്ലുകളിൽ ഇടിക്കുന്നു, വായുവിനുവേണ്ടി ഉഴറുന്നു. എനിക്ക് ചിന്തിച്ചുനിൽക്കാൻ സമയമില്ലായിരുന്നു. ഞാൻ ചെയ്യേണ്ടത് ചെയ്തു’’.
തകർന്ന ചില്ലിൽനിന്ന് പരുക്കേറ്റിട്ടും വീഴ്ചയുടെ ആഘാതത്തിലുള്ള വേദന വകവയ്ക്കാതെയായിരുന്നു ഷാവേസിന്റെ ധീരപ്രവൃത്തി. രണ്ട് അറബ് പുരുഷന്മാർ, ഒരു ഇന്ത്യക്കാരി, ഒരു ഫിലിപ്പീൻസ് വനിത, ഒരു ഇന്ത്യക്കാരൻ എന്നിവരായിരുന്നു എസ്‌യുവിയിലുണ്ടായിരുന്നത്. അവരെ ഉടൻതന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഷാവേസിന്റെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ടായി. ക്രിക്കറ്റ് കളിക്കാൻ കുറച്ചുകാലത്തേയ്ക്ക് കഴിഞ്ഞില്ലെങ്കിലും അതിലൊന്നും ഖേദമില്ല. ധീരമായ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ വൈറലായതോടെയാണ് ഷാവേസിന്റെ ധീരകൃത്യം ലോകമറിഞ്ഞത്.
ഒരിക്കലും അംഗീകാരത്തിനുവേണ്ടി ചെയ്ത പ്രവൃത്തിയായിരുന്നില്ല ആ രക്ഷപ്പെടുത്തൽ. എന്നാൽ ആളുകൾ അത് ഓർക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നത് വളരെയധികം അഭിമാനമുണ്ടാക്കുന്നു. ആരെങ്കിലും ഇത്തരത്തിൽ അപകടത്തിലാകുമ്പോൾ സഹായിക്കാൻ മറ്റുള്ളവരെ എന്റെ പ്രവൃത്തി പ്രചോദനമാകുമെങ്കിൽ ഞാൻ കൃതാർഥനായി. ഏറെ നാൾ നീണ്ടുനിന്ന പ്രളയത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ മലയാളി സംഘടനകളും കൂട്ടായ്‌മകളും അന്ന് മുന്നിൽ നിന്നിരുന്നു. ഷാർജയാണ് ഏറ്റവുമധികം പ്രളയദുരിതം നേരിട്ടത്.