പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും, അവകാശങ്ങള്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക പരാതികള്‍ പരിഹരിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോര്‍ക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളെനന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോര്‍ക്കാ റൂട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ മുഖാന്തിരം പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തിരിച്ചെത്തിയവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ ധനസഹായ പദ്ധതി ‘സാന്ത്വന’, പ്രവാസി പുനരധിവാസ പദ്ധതിയായ ‘NDPREM’, പ്രവാസികളുടെ ഏകോപന പുന.സംയോജന പദ്ധതിയായ പ്രവാസി ഭദ്രത, തൊഴില്‍ പോര്‍ട്ടല്‍, നോര്‍ക്കാ വാണിജ്യ കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികളാണുള്ളത്.

18 വയസ്സിനും 60 വയസ്സിനും ഇടയ്ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായം അടയ്ക്കുന്ന വര്‍ക്കാണ് ബോര്‍ഡില്‍ നിന്നും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. നിലവില്‍ എട്ട് ലക്ഷത്തോളം അംഗങ്ങളും എഴുപതിനായിരത്തോളം പെന്‍ഷന്‍കാരുമാണുള്ളത്. കൂടാതെ പ്രതിമാസം എണ്ണായിരത്തോളം പ്രവാസികള്‍ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുകയും രണ്ടായിത്തോളം പേര്‍ പുതുതായി പെന്‍ഷന് അര്‍ഹത നേടുകയും ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇതില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ അപേക്ഷകളിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

പുതുതായി പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യവും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യവും ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല.

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരത്തിനായി എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികള്‍ രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടാതെ പ്രവാസി മലയാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷനും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ ക്കുമായി ഒരു സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നോര്‍ക്കാ റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *