ദുബായ്: പ്രവാസികളുടെ പണം വരവില്‍ എക്കാലത്തും മുന്നിലുണ്ടായിരുന്നത് ജിസിസി രാജ്യങ്ങളായിരുന്നു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്ളതിനാല്‍ സ്വാഭാവികമായും പണം വരവും ഇവിടെ നിന്നായിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ പുതിയ കണക്കില്‍ ചിത്രം മാറിയിരിക്കുകയാണ്.
കൂടുതല്‍ പ്രവാസികള്‍ ജിസിസി രാജ്യങ്ങളിലാണെങ്കിലും അവര്‍ ചെയ്യുന്നത് സാധാരണ ജോലിയാണ്. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ജോലി ചെയ്യുന്ന പ്രവാസികള്‍ വൈറ്റ് കോളര്‍ ജോലിക്കാരാണ്. ഇതാണ് പണം വരവിന്റെ പ്രധാന കേന്ദ്രം മാറിമറിയാന്‍ കാരണം എന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രവാസികളുടെ പണം വരവില്‍ യുഎഇയേക്കാള്‍ വളരെ മുന്നിലാണ് ഇപ്പോള്‍ അമേരിക്ക.
2023-24 സാമ്പത്തിക വര്‍ഷം വിദേശത്ത് നിന്ന് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ച പണത്തിന്റെ കണക്കാണ് ആര്‍ബിഐ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നാണ് കൂടുതല്‍ പണം വന്നത്. 27.7 ശതമാനം പണം വന്നു. അതേസമയം, യുഎഇയില്‍ നിന്ന് 19.2 ശതമാനമാണ് പണത്തിന്റെ കണക്ക്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അമേരിക്കയിലേക്ക് ജോലിക്ക് പോകുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
എപ്പോഴും പ്രവാസി പണത്തില്‍ മുന്നിലുണ്ടായിരുന്ന ജിസിസി രാജ്യങ്ങള്‍ പിന്നിലായി എന്നതാണ് ആര്‍ബിഐ സര്‍വ്വെയില്‍ എടുത്തു പറയേണ്ട കാര്യം. ഇതിന് മുമ്പ് വന്ന 2016-17 സാമ്പത്തിക വര്‍ഷത്തെ ആര്‍ബിഐ സര്‍വ്വെയില്‍ യുഎഇ ആയിരുന്നു മുന്നില്‍. 26.9 ശതമാനമായിരുന്നു യുഎഇയില്‍ നിന്ന് വരുന്ന പ്രവാസി പണത്തിന്റെ കണക്ക്. 22.9 ശതമാനവുമായി അമേരിക്ക രണ്ടാം സ്ഥാനത്തായിരുന്നു.
അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്ന പ്രവാസി പണമാണ് മൊത്തം വന്ന പണത്തിന്റെ പകുതിയില്‍ അധികവും. ആറ് ജിസിസി രാജ്യങ്ങളില്‍ നിന്ന് വന്നത് 37.9 ശതമാനം പണമാണ്. 2016-17 സാമ്പത്തിക വര്‍ഷം ഇത് 46.7 ശതമാനം ആയിരുന്നു. അതായത്, ഗള്‍ഫില്‍ നിന്നുള്ള പണം 9 ശതമാനത്തോളം കുറഞ്ഞു.
കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ആണെങ്കിലും അവിടെ ബ്ലൂ കോളര്‍ ജോലിയിലാണ് മിക്കവരും. കെട്ടിട നിര്‍മാണം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലാണ് ജോലി.അതേസമയം, അമേരിക്കയില്‍ ഇന്ത്യന്‍ പ്രവാസികളില്‍ വലിയൊരു ഭാഗം വൈറ്റ് കോളര്‍ ജോലിക്കാരാണ്. അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാകും. സ്വാഭാവികമായും നാട്ടിലേക്ക് അയക്കുന്ന പണവും ഉയര്‍ന്ന അളവിലായിരിക്കും.
കേരളം പിന്നിലേക്ക്, മഹാരാഷ്ട്ര മുന്നില്‍:
78 ശതമാനം ഇന്ത്യന്‍ പ്രവാസികളും അമേരിക്കയില്‍ ജോലി ചെയ്യുന്നത് ഉയര്‍ന്ന ശമ്പളത്തിനാണ്. ബിസിനസ്, ശാസ്ത്രം, കല എന്നീ രംഗത്താണ് ജോലി. പണം കൂടുതല്‍ വരുന്നത് മഹാരാഷ്ട്രയിലേക്കാണ് എന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളവും തമിഴ്‌നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2016-17 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 19 ശതമാനവുമായി കേരളം ആയിരുന്നു മുന്നില്‍. പുതിയ റിപ്പോര്‍ട്ടില്‍ 20.5 ശതമാനവുമായി മഹാരാഷ്ട്ര മുന്നിലെത്തി.
മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട് 8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2001ല്‍ ലോകത്തെ മൊത്തം പ്രവാസി പണത്തില്‍ 11 ശതമാനം ആയിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. 2024ല്‍ ഇത് 14 ശതമാനമായി ഉയര്‍ന്നു എന്നാണ് ലോകബാങ്കിന്റെ കണക്ക്. ഇന്ത്യയിലേക്ക് പണം അയക്കാന്‍ കൂടുതല്‍ പേരും ഡിജിറ്റല്‍ മാര്‍ഗമാണ് ആശ്രയിക്കുന്നത്.