പ്രവാസികള്‍ക്ക് കോളടിച്ചു.. ഇനി നാട്ടിലേക്ക് ഇടയ്ക്കിടെ വരാം; ഇന്ത്യ-യുഎഇ വിമാന നിരക്ക് കുത്തനെ കുറയും!

അബുദാബി: അന്താരാഷ്ട്ര വിമാന റൂട്ടുകളില്‍ ഏറ്റവും ഡിമാന്‍ഡും തിരക്കുമുള്ള റൂട്ടുകളില്‍ ഒന്നാണ് ഇന്ത്യ-യുഎഇ റൂട്ട്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍ എന്നതിനാലാണ് ഇത്. എന്നാല്‍ പലപ്പോഴും വിമാന നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. പലപ്പോഴും ഉത്സവകാലങ്ങളില്‍ ഒന്നും പ്രവാസികള്‍ ഇക്കാരണം കൊണ്ട് നാട്ടിലേക്ക് എത്താറുമില്ല.

എന്നാല്‍ ഇതിന് ഒരു പരിഹാരത്തിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യയും യുഎഇയും വ്യോമയാന ബന്ധത്തില്‍ വലിയ വികാസത്തിന് സാക്ഷ്യം വഹിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. ടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാന യാത്രാ ശേഷി ഇരട്ടിയാക്കിയാല്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന നിരക്കുകളില്‍ 20 ശതമാനം വരെ കുറവ് സംഭവിക്കും എന്നാണ് സിഎന്‍ബിസി-ടിവി 18 ന്റെ റിപ്പോര്‍ട്ട് പറയുന്നത്.

ടിക്കറ്റ് നിരക്കുകളിലെ ഇത്തരമൊരു കുറവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 1 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ലാഭിക്കാന്‍ കാരണമാകും. ഇന്ത്യയിലെ യുഎഇ അംബാസഡര്‍ എച്ച്ഇ അബ്ദുള്‍നാസര്‍ ജമാല്‍ അല്‍ഷാലിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വ്യോമയാന മേഖലയിലെ സഹകരണം പ്രധാനമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

ഉഭയകക്ഷി സീറ്റ് ശേഷിയില്‍ ഘട്ടം ഘട്ടമായുള്ള 5% വാര്‍ഷിക വര്‍ധനവ് പോലും 20% വര്‍ധനവിലേക്ക് നയിക്കും. ഇത് 2028 ആകുമ്പോഴേക്കും ഉപഭോക്തൃ മിച്ചത്തില്‍ 152 മില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ചില റൂട്ടുകളിലെ വിമാന നിരക്കുകളില്‍ 20% കുറവുണ്ടാക്കും. ഇത് ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി 4:1 വ്യോമയാന കണക്റ്റിവിറ്റി അനുപാതം യുഎഇ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ അവരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനനുസരിച്ച് താല്‍ക്കാലികമായി അവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് പ്രകാരം, യുഎഇ എയര്‍ലൈനുകള്‍ക്ക് അനുവദിക്കുന്ന ഓരോ അധിക സീറ്റിനോ ഫ്‌ലൈറ്റിനോ, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നാല് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്താനോ സീറ്റ് വര്‍ധിപ്പിക്കാനോ അനുവാദമുണ്ടാകും.

ഈ അനുപാതം ഒരു ആരംഭ പോയിന്റാണെന്നും കാലക്രമേണ ഇത് പരിഷ്‌കരിക്കാമെന്നും അന്‍ഷാലി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എയര്‍ലൈനുകള്‍ അവരുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുമ്പോള്‍ അനുപാതം 4:1 ല്‍ നിന്ന് 3:1, 2:1, ഒടുവില്‍ 1:1 എന്നിവയിലേക്ക് മാറ്റാന്‍ കഴിയും. കൂടുതല്‍ മത്സരം പ്രോത്സാഹിപ്പിക്കുക, വിമാന ഗതാഗതം വര്‍ധിപ്പിക്കുക, മെട്രോ നഗരങ്ങള്‍ക്ക് പുറത്ത് ടയര്‍-2, ടയര്‍-3 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക എന്നിവയാണ് ഉദ്ദേശ്യം.

ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളായ ജയ്പൂര്‍, ലഖ്നൗ, കോയമ്പത്തൂര്‍, വിശാഖപട്ടണം, പട്ന, ഭുവനേശ്വര്‍, അമൃത്സര്‍ എന്നിവിടങ്ങളിലേക്ക് യുഎഇ എയര്‍ലൈനുകള്‍ക്ക് കൂടുതല്‍ പ്രവേശനം അനുവദിക്കാനാണ് ശ്രമം. യുഎഇയുടെ നിര്‍ദ്ദിഷ്ട വിപുലീകരണ പദ്ധതി ഇന്ത്യന്‍ യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഒരുപോലെ ഗുണം ചെയ്യും. സീറ്റ് ലഭ്യത വര്‍ദ്ധിക്കുന്നത് വിമാന നിരക്കുകള്‍ കുത്തനെ കുറയ്ക്കും.

ഇത് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള യാത്ര ചെലവ് കുറവുള്ളതാക്കി മാറ്റും. കൂടുതല്‍ വിമാനങ്ങള്‍ മികച്ച കണക്റ്റിവിറ്റി പ്രാപ്തമാക്കും. ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ പ്രധാന യുഎഇ കേന്ദ്രങ്ങളിലേക്ക് ചെറിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വിമാനം ഉണ്ടാകും. വ്യോമഗതാഗതം വര്‍ധിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ടൂറിസം, വ്യാപാരം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും.

ഇത് ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഗുണം ചെയ്യും. അതേസമയം ചിലെ വെല്ലുവിളികളും ഈ നിര്‍ദേശത്തിന് പിന്നിലുണ്ട്. ഘട്ടം ഘട്ടമായുള്ള അനുപാതം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ യുഎഇ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ പ്രവേശനം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരുടെ വിപണി വിഹിതത്തെ ദോഷകരമായി ബാധിക്കുമെന്ന് ചില ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് ആശങ്കയുണ്ട്.

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 66,000 സീറ്റുകള്‍ എന്ന പരമാവധി ശേഷിയിലെത്തിയതിനാല്‍ ഉഭയകക്ഷി വ്യോമ സേവന കരാര്‍ പുനഃപരിശോധിക്കാന്‍ നീക്കം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എമിറേറ്റ്‌സ് എയര്‍ലൈന്‍ സീറ്റ് വര്‍ധിപ്പിക്കുന്നതിനെ ഇന്ത്യന്‍ എയര്‍ലൈനുകള്‍ എതിര്‍ത്തിരുന്നു.

2023-ല്‍ എയര്‍ ഇന്ത്യയുടെ സിഇഒ കാംബെല്‍ വില്‍സണ്‍ ഇത് അനുവദിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘എയര്‍ ഇന്ത്യ വലിയ നിക്ഷേപങ്ങള്‍ നടത്തുകയും യുഎസിലേക്കും യൂറോപ്പിലേക്കും നിര്‍ത്താതെയുള്ള കണക്റ്റിവിറ്റി നല്‍കുന്നതിനായി വിമാനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നതിനാല്‍ ഇത് ദേശീയ താല്‍പ്പര്യത്തിന് അനുയോജ്യമല്ല,’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വ്യോമ ശേഷി വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ ഇത് വെല്ലുവിളി നിറഞ്ഞതായിരിക്കും. വ്യോമയാന മേഖലയ്ക്ക് പുറമേ, യുഎഇയും ഇന്ത്യയും തങ്ങളുടെ സാമ്പത്തിക, തന്ത്രപരമായ പങ്കാളിത്തങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 80 ബില്യണ്‍ ഡോളര്‍ കവിഞ്ഞിട്ടുണ്ട്.

പ്രതിവര്‍ഷം 15% എന്ന നിരക്കില്‍ ആണ് ഇത് വളരുന്നത്. ബിസിനസിനും ടൂറിസത്തിനും തടസമില്ലാത്ത യാത്രയുടെ പ്രധാനമാണ് എന്ന് ഇരു രാജ്യങ്ങളും തിരിച്ചറിയുന്നുണ്ട്. പ്രതിരോധത്തിലും സാങ്കേതികവിദ്യകളിലും ഇന്ത്യ-യുഎഇ സഹകരണം മുന്നോട്ട് പോകുകയാണ് എന്നും അല്‍ഷാലി എടുത്തുപറഞ്ഞു.

വ്യാപാരത്തിനും വ്യോമയാനത്തിനും അപ്പുറം പെട്രോളിയം കരുതല്‍ ശേഖരം, ജീനോം സീക്വന്‍സിംഗ്, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് ഇന്ത്യയും യുഎഇയും തങ്ങളുടെ പങ്കാളിത്തം വികസിപ്പിക്കുന്നുണ്ട്. 2014 ജനുവരിയിലാണ് യുഎഇയും ഇന്ത്യയും തമ്മില്‍ ഉഭയകക്ഷി വ്യോമ സേവന കരാര്‍ ഒപ്പിട്ടത്.

ഇന്ത്യന്‍, യുഎഇ എയര്‍ലൈനുകള്‍ തമ്മിലുള്ള ഇന്റര്‍ലൈന്‍ കരാറുകള്‍, മുംബൈ വിമാനത്താവള മാനേജ്മെന്റിനായി അബുദാബി വിമാനത്താവളങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തം പോലുള്ള പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) വഴി ഇന്ത്യന്‍ വിമാനത്താവള വികസന പദ്ധതികളെ യുഎഇക്ക് പിന്തുണയ്ക്കാന്‍ കഴിയുന്ന പരസ്പര അടിസ്ഥാന സൗകര്യ നിക്ഷേപം എന്നിവയിലൂടെ ഇത് നേടാനാകും.

Leave a Reply

Your email address will not be published. Required fields are marked *