മനാമ: ബഹ്‌റൈന്‍ പ്രതിഭ ഇഎംഎസ്-എകെജി അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ അനുസ്മരണ പ്രഭാഷണവും പ്രതിഭ രക്ഷാധികാരി സമിതി അംഗം സിവി നാരായണന്‍ രാഷ്ട്രീയ വിശദീകരണവും നടത്തി. ഇഎംഎസിന്റെ ചരിത്രം കേരളത്തിന്റെ ചരിത്രം കൂടെയാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ബിനു മണ്ണില്‍ ചൂണ്ടിക്കാട്ടി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോട് ഐക്യദാര്‍ഢ്യപ്പെട്ട് നില്‍ക്കാനും വര്‍ഗ്ഗീയതയും വെറുപ്പും പടര്‍ത്തി നാടിനെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാനും ഇഎംഎസിന്റെയും എകെജിയുടെയും ഓര്‍മ്മകള്‍ കരുത്താകണമെന്ന് സിവി നാരായണന്‍ പറഞ്ഞു. നവോത്ഥന നായകരും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും, ഇഎംഎസും എകെജിയും പോലുള്ള ധിഷണാശാലികളായ നേതാക്കളും ചേര്‍ന്ന് രൂപപ്പെടുത്തിയ കേരളത്തെ മുന്നോട്ട് നയിച്ച് നവകേരളം സൃഷ്ടിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന് കരുത്ത് പകരാന്‍ ഇഎംഎസിന്റെയും എകെജിയുടെയും ഓര്‍മ്മകള്‍ ഊര്‍ജ്ജമാകട്ടെ എന്നും സിവി നാരായണന്‍ പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
പ്രതിഭ സെന്ററില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര കമ്മറ്റി അംഗം കെപി അനില്‍ അദ്ധ്യക്ഷനായി. പ്രതിഭ കേന്ദ്ര ജോയിന്റ് സെക്രട്ടറി കെവി മഹേഷ് സ്വാഗതം പറഞ്ഞു.