കോഴിക്കോട് നാദാപുരം നോർക്ക-എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 3.55 കോടിയുടെ വായ്പകള്‍ക്ക് ശിപാര്‍ശ

നാദാപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും നാദാപുരത്ത് സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ (മാര്‍ച്ച് 22 ന്) 30 സംരംഭകര്‍ക്കായി 3.55 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 44 പ്രവാസി സംരംഭകരില്‍ 12 പേരോട് അവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി സബ്സെന്റര്‍ ഹാളില്‍ രാവിലെ 10 മുതലായിരുന്നു ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രയോജനപ്പടുത്താം. താല്‍പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *