നോര്‍ക്ക കെയര്‍ പരിരക്ഷ ഇതര സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും ഉറപ്പാക്കും: പി. ശ്രീരാമകൃഷ്ണന്‍

വിശാഖപട്ടണം: പുതുതായി നടപ്പാക്കുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ വിദേശത്തുള്ള പ്രവാസികള്‍ക്കൊപ്പം രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആന്ധ്ര പ്രദേശിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിച്ച് വിശാഖപട്ടണം കേരള കലാ സമിതിയുടെ ഹാളില്‍ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച എന്‍ആര്‍കെ മീറ്റ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പ്രവാസികള്‍ക്കും പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചു വന്നവര്‍ക്കും പ്രവാസത്തിനായി ഒരുങ്ങുന്നവര്‍ക്കും വേണ്ടിയുള്ള സമഗ്രമായ പദ്ധതികളാണ് കേരള പ്രവാസികാര്യ വകുപ്പ് നടപ്പാക്കുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. ആന്ധ്രപ്രദേശിലെ പ്രവാസി മലയാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

തങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും എന്‍ആര്‍കെ മീറ്റില്‍ പങ്കെടുത്ത ആന്ധ്രപ്രദേശിലെ പ്രവാസി സംഘടന പ്രതിനിധികളും പ്രവാസി മലയാളികളും അവതരിപ്പിച്ചു. എന്‍ആര്‍കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു പി ചാക്കോ സ്വാഗതം ആശംസിച്ചു. എല്‍ കെ എസ് പ്രതിനിധി മുരളീധരന്‍ നാരായണ പിള്ള, വിശാഖപട്ടണം ജില്ലയെ പ്രതിനിധീകരിച്ച് കേരള കലാ സമിതി പ്രസിഡന്റ് എ.ആര്‍.ജി ഉണ്ണിത്താന്‍, ആന്ധ്രപ്രദേശിലെ മറ്റ് ജില്ലകളെ പ്രതിനിധീകരിച്ച് എല്‍ കെ എസ് മെമ്പര്‍ എം.കെ. നന്ദകുമാര്‍ എന്നിവര്‍ ആശംസ അറിയിച്ചു. എല്‍ കെ എസ് മെമ്പര്‍ നന്ദിനി മേനോന്‍ അടക്കം വിശാഖപട്ടണം, രാജമുണ്ട്രി, നെല്ലൂര്‍, തിരുപ്പതി, ഓങ്കോള്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള നൂറ്റിഎഴുപതോളം സംഘടനാ പ്രതിനിധികളും പ്രവാസി മലയാളികളും എന്‍ആര്‍കെ മീറ്റില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *