കൽപറ്റ/റിയാദ്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ച സംഭവത്തിൽ പ്രവാസി മലയാളികളായ രണ്ട് പേർ ഉൾപ്പെട്ടത് സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി മാറി. വയനാട് അമ്പലവയൽ സ്വദേശിയും യുകെയിലെ പോർട്സ്മൗത്ത് മലയാളിയുമായ അഖിൽ അലക്സ് , വയനാട് നടവയൽ സ്വദേശിനിയും സൗദിയിലെ മദീന മലയാളിയുമായ ടീന ബിജു എന്നിവരാണ് മരിച്ചത്. ജൂൺ 16 ന് നാട്ടിൽ വച്ച് ഇരുവരും വിവാഹം കഴിക്കാൻ ഇരിക്കെയാണ് ദാരുണമായ അന്ത്യം.
വിവാഹത്തിന് ഒരുങ്ങിയ രണ്ടു വീടുകളിലേക്കാണ് ഒറ്റ രാത്രി കൊണ്ടു മരണം കടന്നു വന്നത്. കുറ്റിക്കൈതയിലെ അഖിലിന്റെ വീട്ടിൽ മുറ്റം ചെത്തി വൃത്തിയാക്കിയിരുന്നു. മതിൽ കെട്ടാൻ മുറ്റത്തിന് വീതി കൂട്ടാനുള്ള പണി ആരംഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ സൗദിയിൽ നിന്നുള്ള ആ വിളി വരുന്നതു വരെ രണ്ടു മാസം കഴിഞ്ഞുള്ള അഖിലിന്റെ വിവാഹത്തിനായി വീട് ഒരുക്കുകയായിരുന്നു അച്ഛൻ അലക്സ്. ടീനയുടെ വീട്ടിലും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനാവശ്യമായ സാധനങ്ങൾ ഒരുമിച്ചു വാങ്ങാനാണ് അഖിൽ ടീനയുടെ അടുത്തേക്ക് പോകുന്നത്. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു.
സൗദിയിലെ വാഹനാപകട വാർത്തയറിഞ്ഞു കുറ്റിക്കൈതയിലെ ഇളയിടത്തുമഠത്തിൽ വീട്ടിലെത്തിയ ബന്ധുക്കളോടും നാട്ടുകാരോടും സംസാരിച്ച് അച്ഛൻ അലക്സ് മുറ്റത്തുണ്ടായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും എല്ലാവരോടും സംസാരിക്കുന്നു. അഖിലിന്റെ അമ്മ ഷീജ തളർന്ന് ആശുപത്രിയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ അന്വേഷിച്ചും അപകടത്തെക്കുറിച്ച് സംസാരിച്ചും കരയാതെ പിടിച്ചു നിൽക്കുകയാണ് അലക്സ്. പറമ്പിൽ പണിയെടുത്തും പശുവിനെ നോക്കിയും ജീവിച്ചിരുന്ന കുടുംബമായിരുന്നു അഖിലിന്റേത്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
വെല്ലൂരിലെ ബിരുദ പഠനത്തിനു ശേഷം വിദ്യാർഥി വീസയിലാണ് അഖിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പഠനത്തിനിടെ ജോലി ചെയ്തായിരുന്നു ജീവിതം. രണ്ടര വർഷം മുൻപാണ് അഖിലിന് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ലഭിക്കുന്നത്. ഇതിനിടെ, അനിയൻ ഡെനിൽ അലക്സും ഇംഗ്ലണ്ടിലെത്തി. 4 മാസം മുൻപു നടവയൽ സ്വദേശി ടീനയുമായി അഖിലിന്റെ വിവാഹവും ഉറപ്പിച്ചു. കഷ്ടപ്പാടുകളിൽ നിന്നു കുടുംബം മെല്ലെ കരകയറി വരുന്നതിനിടെയാണ് അഖിലിന്റെയും പ്രതിശ്രുതവധു ടീനയുടെയും മരണ വാർത്ത അലക്സിനെ തേടിയെത്തിയത്.
അൽ ഉല സന്ദർശിച്ചു മടങ്ങങ്ങവേ ഇരുവരും സഞ്ചാരിച്ചിരുന്ന വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു പോവുകയായിരുന്നു എന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം. അൽ ഉലയിൽ നിന്നും 150 കിലോ മീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഇരുവരും അൽ ഉല സന്ദർശിച്ചതിനു ശേഷം സൗദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്താൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു.