ഒറ്റയ്ക്കാകില്ല, ഇനി ഒരുമിച്ച് നീങ്ങാം: ‘മൈ ദുബായ് കമ്യൂണിറ്റീസ്’ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കം

ദുബായ്: ജനക്ഷേമവും സന്തോഷവും ഉറപ്പാക്കാനും സമൂഹത്തിൽ ശക്തമായ ബന്ധങ്ങൾ വളർത്താനും ലക്ഷ്യമിട്ട് ‘മൈ ദുബായ് കമ്യൂണിറ്റീസ്’ എന്ന പേരിൽ ദുബായിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു.  സമൂഹ വർഷാചരണത്തിന്റെ (ഇയർ ഓഫ് കമ്യൂണിറ്റി) ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ഒരുക്കിയത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്ലാറ്റ്ഫോം (mydubaicommunities.com) ഉദ്ഘാടനം ചെയ്തത്.

പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും അവരുടെ താൽപര്യങ്ങൾക്ക് അനുസൃതമായ സമൂഹത്തെ കണ്ടെത്താൻ അവസരം നൽകുന്നതാണ് ‘മൈ ദുബായ് കമ്യൂണിറ്റീസ്’ എന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമാണ് പദ്ധതിക്കു പ്രോത്സാഹനമേകിയത്.താമസിക്കാനും ജോലി ചെയ്യാനും മികച്ച സൗകര്യങ്ങളുള്ള നഗരമെന്ന ദുബായുടെ ഖ്യാതി ഉറപ്പിക്കുന്നതിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്ലാറ്റ്ഫോം എന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

സമൂഹവുമായി സജീവമായി ഇടപഴകാനും വ്യത്യസ്ത പരിപാടികൾ പ്രയോജനപ്പെടുത്താനും പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. സഹിഷ്ണുത പ്രോത്സാഹിപ്പിക്കാനും മൈ ദുബായ് കമ്യൂണിറ്റിയിലൂടെ സാധിക്കും. സംസ്കാരം, കല, കായികം, ക്ഷേമം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രാദേശിക ഇവന്റുകളും ഗ്രൂപ്പുകളും ഒരുക്കാനും മൈ ദുബായ് കമ്യൂണിറ്റീസ് ഉപയോക്താക്കളെ അനുവദിക്കും. അതിലൂടെ വിവിധ സമൂഹങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *