ബാദുഷ കടലുണ്ടി | കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ
അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കി മാറ്റുകയും ലോകത്തെയാകെ ഭീതിയിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്. ഗസ്സയിലെ ആയിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും, അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തുകയും ചെയ്ത ഇസ്രായേൽ, പിഞ്ചുകുഞ്ഞുങ്ങളെ പോലും നിരന്തരമായി കൊന്നൊടുക്കുന്ന കാഴ്ച ലോക മനസാക്ഷിയെ ഞെട്ടിക്കുകയാണ്.
ഇറാന്റെ പരമാധികാര രാജ്യത്തിനകത്ത് കടന്നുകയറി സൈനിക മേധാവിയെ പോലും വധിച്ചത് ഒരു പരമാധികാര രാജ്യത്തോടുള്ള തികഞ്ഞ ധിക്കാരമാണ്. ഈ ധിക്കാരത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇസ്രായേലിന്റെ ഏകപക്ഷീയമായ നീക്കങ്ങൾ ഒരു പരമാധികാര രാഷ്ട്രത്തിന്റെ എല്ലാ സംവിധാനങ്ങളെയും തകർക്കുക എന്ന നയമാണ് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്. ഇറാനെ തകർത്ത് പശ്ചിമേഷ്യയിലെ എതിർപ്പുകളെയാകെ ഇല്ലാതാക്കുക എന്ന അമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കായാണ് ഇത്തരം നീക്കങ്ങൾ.
ആയുധ കച്ചവടം പ്രധാന വരുമാനമാക്കിയ അമേരിക്കയുടെ ആജ്ഞ കേട്ടാണ് ഇസ്രായേൽ ഈ തെമ്മാടിത്തരം കാണിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരം നയങ്ങൾക്കെതിരെ രംഗത്തുവരുന്നു എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള നീക്കങ്ങളും ആശങ്കാജനകമാണ്. സമാധാന ആവശ്യങ്ങൾക്കാണ് ആണവോർജ്ജം വികസിപ്പിക്കുന്നതെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അന്താരാഷ്ട്ര പരിശോധനകളിലും ഇക്കാര്യങ്ങൾ തെളിഞ്ഞിട്ടുണ്ട്.
ഇറാഖിനെ തകർക്കാൻ രാസായുധങ്ങൾ നിർമ്മിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് അമേരിക്ക അവിടെ കടന്നുകയറിയതും പിന്നീട് അത്തരത്തിലുള്ള യാതൊരു സംവിധാനങ്ങളും ഇറാഖിലില്ലെന്ന് വ്യക്തമായതും ചരിത്രത്തിലെ വലിയൊരു കറുത്ത അധ്യായമാണ്. അതേ തെറ്റ് ആവർത്തിക്കാനാണ് ഇസ്രായേലും അമേരിക്കയും ശ്രമിക്കുന്നത്. പാലസ്തീൻ ജനതയുടെ ദുരിതവും ഇന്ത്യയുടെ നിലപാടും
പാലസ്തീൻ ജനതയ്ക്ക് സ്വതന്ത്ര രാഷ്ട്രം വേണമെന്ന ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ കാറ്റിൽപ്പറത്തിയാണ് ഇസ്രായേൽ ആക്രമണങ്ങളുടെ പരമ്പര തുടരുന്നത്. ആശുപത്രികളെയും മറ്റും ആക്രമിക്കുക മാത്രമല്ല, ഭക്ഷണവും മരുന്നുമെല്ലാം നിഷേധിച്ച് ജനങ്ങളെ കൂട്ടക്കുരുതിക്ക് വിട്ടുകൊടുക്കുന്ന രീതിയാണ് അവിടെ നടക്കുന്നത്.
എന്നും പാലസ്തീൻ ജനതയ്ക്കൊപ്പം അണിനിരന്ന ഇന്ത്യ, ഇപ്പോൾ അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിന്നുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് മൗനാനുവാദം നൽകുന്ന അവസ്ഥ ദൗർഭാഗ്യകരമാണ്. ഈ മനുഷ്യത്വവിരുദ്ധമായ പ്രവർത്തനങ്ങളെ മതപരമായ സംഘർഷങ്ങളാക്കി ചുരുക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തണം. ഇത് മതപരമായ പ്രശ്നമല്ല, മറിച്ച് സാമ്രാജ്യത്വ താൽപ്പര്യങ്ങളും അധിനിവേശവുമാണ് ഇതിന് പിന്നിൽ.
പ്രവാസികളും കേരളവും നേരിടുന്ന വെല്ലുവിളികൾ:
പശ്ചിമേഷ്യയിലെ ഈ അശാന്തി ഗൾഫ് മേഖലയിലെ നമ്മുടെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വലിയ തോതിൽ ആശങ്കയിലാക്കിയിരിക്കുകയാണ്. വ്യോമ മേഖലയാകെ അപായത്തിലായതോടെ വിമാന സർവീസുകൾ പലതും നിർത്തിവെക്കുകയാണ്, ഇത് പ്രവാസികളിൽ ഭീതി പടർത്തുന്നു. യുദ്ധം ഇങ്ങനെ തുടരുകയാണെങ്കിൽ പശ്ചിമേഷ്യയാകെ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.
എണ്ണവിലയിലുണ്ടാകുന്ന മാറ്റം, തൊഴിൽ രംഗത്തും യാത്രാ രംഗത്തും ഉണ്ടാക്കുന്ന തടസ്സങ്ങൾ എന്നിവയെല്ലാം കേരളത്തെയും സാരമായി ബാധിക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയാണ്. ഇറാനിലും ഇസ്രായേലിലുമായി ധാരാളം മലയാളികളുണ്ട്. ടെഹ്റാനിലെ വിദ്യാർത്ഥികൾ വലിയ ഭയപ്പാടിലാണ്. ഈ സാഹചര്യം ഇന്ത്യയിലും കേരളത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് നാം തിരിച്ചറിയണം. യുദ്ധത്തിന് കണ്ണും കാതും ഇല്ല; നിരപരാധികളായ, നിസ്സഹായരായ മനുഷ്യരെയാണ് അത് കൊന്നൊടുക്കുന്നത്.
പ്രതിഷേധങ്ങൾ അനിവാര്യം:
വ്യാപകമായി യുദ്ധവിരുദ്ധ റാലികളും സാമ്രാജ്യത്വ വിരുദ്ധ പരിപാടികളും സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആയുധ വ്യാപാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ കൊന്നൊടുക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ പ്രവാസികളെയാകെ അണിനിരത്തി മുന്നോട്ടുപോകാനാവണം. കേരളത്തിന്റെ തെരുവുകളിൽ ഈ യുദ്ധവെറിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. കേരള പ്രവാസി സംഘം ഈ യുദ്ധവെറിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ലോകസമാധാനത്തിന് ഭീഷണിയാകുന്ന ഇത്തരം ഏകപക്ഷീയമായ നടപടികൾക്കെതിരെ ശബ്ദമുയർത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സമാധാനവും സഹവർത്തിത്വവുമാണ് മാനവരാശിയുടെ നിലനിൽപ്പിന് ആവശ്യം.
ഈ യുദ്ധക്കൊതിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്താൻ നമുക്ക് സാധിക്കണം
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

