ന്യൂഡൽഹി: ഇറാന് – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ തീരത്ത് കുടുങ്ങിയ വാണിജ്യ കപ്പലിനുള്ളില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ആശങ്കയിലാണ് തിരുവനന്തപുരം സ്വദേശിനി അപര്‍ണ സുരേഷ്. മിറേജ് (IMO: 9254422) എന്ന വാണിജ്യ കപ്പലിലെ ജീവനക്കാരനാണ് അവിനാശ് അമല്‍ കുമാര്‍(26).
കഴിഞ്ഞ ഏഴ് ദിവസമായി അവിനാഷില്‍ നിന്ന് യാതൊരു വിവരവും ലഭ്യമല്ലെന്ന് ഭാര്യ അപര്‍ണ സുരേഷ് പറയുന്നു. 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ‘ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം കാരണം അവിടത്തെ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായാണ് അവിനാഷ് പറഞ്ഞത്. എനിക്ക് ലഭിച്ച അവസാന സന്ദേശം അതായിരുന്നു. അതിനുശേഷം ഒരു വിവരവുമില്ല. മണിക്കൂറുകള്‍ കഴിയുന്തോറും കുടുംബത്തിന്റെ ആശങ്ക വര്‍ധിക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അവിനാഷിന്റെ പിതാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കപ്പലിന്റെ ഉടമസ്ഥരായ ഡീവൈന്‍ ഷിപ്പ് മാനേജ്മെന്റ് ആൻഡ് മറൈന്‍ സര്‍വീസസ് ലിമിറ്റഡുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് അപര്‍ണ പറയുന്നത്. ‘കപ്പലിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയില്ലെന്നാണ് അവര്‍ പറയുന്നത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ഭര്‍ത്താവിനെയും കപ്പലിലുള്ള മറ്റുള്ളവരെയും സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നു മാത്രമാണ് തനിക്ക് ആവശ്യപ്പെടാനുള്ളത്’.
കമ്പനി മാനേജര്‍ വിവേക് കുമാര്‍ 23 ഇന്ത്യന്‍ ക്രൂ അംഗങ്ങള്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചു. ‘കപ്പലിന്റെ വിദേശ ഉടമയെ വിവരം അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഏകദേശം 250 വ്യാപാര കപ്പലുകളുണ്ട്. ഞങ്ങള്‍ അവരുമായി ബന്ധപ്പെട്ടിട്ടുണ്ട്, ജീവനക്കാരുമായി ഉടന്‍ തന്നെ ബന്ധപ്പെടാനാകുമെന്നാണ് പ്രതീക്ഷ’, വിവേക് കുമാര്‍ പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

