തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് ഇറാൻ; പ്രത്യാക്രമണത്തിന് യുഎസിലെ ‘സ്ലീപ്പർ സെല്ലു’കളെ ഉപയോഗിക്കുമോ?

വാഷിങ്ടണ്‍: ആണവകേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയതിനു ശേഷം ഏതുനിമിഷവും ഇറാന്‍റെ തിരിച്ചടി യുഎസ് പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ യുഎസ് സേനയ്ക്കുനേരെ ഇറാന്റെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ ഇറാന്‍റെ ആക്രമണമുണ്ടായേക്കാമെന്ന് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആക്രമണം ഒഴിവാക്കാൻ നയതന്ത്ര ഇടപെടലിനുള്ള സാധ്യത തേടിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അതേസമയം, യുഎസിനുള്ളില്‍ത്തന്നെ ആക്രമണം നടത്താനുള്ള സാധ്യതയും മുന്നിൽകാണുന്നുണ്ടെന്ന് അമേരിക്കൻ അധികൃതരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി യുഎസിനുള്ളില്‍ത്തന്നെയുള്ള ഇറാൻ അനുകൂല സ്ലീപ്പര്‍ സെല്ലുകളെ സജീവമാക്കാനുള്ള ശ്രമം ഇറാൻ നടത്തുന്നതായാണ് റിപ്പോർട്ട് പറയുന്നത്. ഇതിനിടെ, തിരിച്ചടിക്കുമെന്ന് ഇറാൻ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ ശത്രുതാപരമായ നടപടി ഇറാന്‍ സേനയുടെ ലക്ഷ്യങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചെന്ന് ഇറാന്‍ സായുധ സേനാ വക്താവ് ഇബ്രാഹിം സുല്‍ഫീക്കരി പറഞ്ഞു. ഇറാന്‍ മണ്ണില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കുമെന്ന് മേജര്‍ ജനറല്‍ അബ്ദുല്‍റഹിം മൗസവിയും മുന്നറിയിപ്പ് നൽകി. നെതന്യാഹുവിനെതിരായ നടപടി പരമാവധി ശക്തിയോടെ തുടരും. ഇറാനെ നേരിടാന്‍ ഇസ്രയേലിന് സാധിക്കാത്തതിനാലാണ് ട്രംപ് ഭരണകൂടം സഹായത്തിനെത്തുന്നത്. ശത്രുവിന്റെ ഭീഷണികള്‍ക്ക് രാജ്യത്തിന്റെ സായുധസേന മറുപടി നല്‍കും. ഒരു ആക്രമണകാരിയുമായും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധക്കൊതിയന്മാരായ യുഎസ് ഭരണകൂടത്തോട് ഈ ചെളിക്കുണ്ടില്‍ വീഴരുതെന്ന് ഇറാന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി പറഞ്ഞു. ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ ഇനി ഇറാന്‍ സൈന്യം തീരുമാനിക്കും. യുഎസിനെ ചെലവേറിയ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ബെഞ്ചമിന്‍ നെതന്യാഹു വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ ഫോര്‍ദോ, നാതന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ യുഎസ് കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപനം നടത്തി. ഇതോടെ ഒരാഴ്ചയിലേറെയായി തുടര്‍ന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് മാറി. യുഎസ് വ്യോമാക്രമണത്തിനു പിന്നാലെ ഇറാന്‍ ഇസ്രയേലിലേക്ക് നാല്‍പ്പതോളം മിസൈലുകൾ വർഷിച്ചിരുന്നു.

അതിനിടെ, ഇറാനെ ആക്രമിച്ച ട്രംപിന്റെ നടപടിക്കെതിരേ യുഎസില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ലോസ് ആഞ്ജലീസ്, കാലിഫോര്‍ണിയ, വൈറ്റ് ഹൗസിന്റെ മുന്‍വശം എന്നിവിടങ്ങളിലെല്ലാം യുദ്ധവിരുദ്ധ പ്രതിഷേധ റാലി അരങ്ങേറി.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *