പ്രവാസി ക്ഷേമത്തിനു സമഗ്രമായ കുടിയേറ്റ നിയമം അനിവാര്യമെന്നു മുഖ്യമന്ത്രി

ലണ്ടൻ: വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും കൃത്യമായ സേവന- വേതന വ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസത്തിലെ ചതിക്കുഴികൾ ഒഴിവാക്കാൻ ഇതു സഹായിക്കും. ഇത്തരമൊരു നിയമം വരുന്നതുവരെ വിശ്വസിനീയമായ മറ്റു മാർഗങ്ങൾക്ക് സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ യൂറോപ്പ്- യുകെ മേഖലാ സമ്മേളനം ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് (ടാജ്) ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

നഴ്സിങ് മേഖലയിൽ ഉൾപ്പെടെ കുടുതൽ അവസരങ്ങൾക്കായി വിവിധ രാജ്യങ്ങളുമായി ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ഉദ്യോഗാർഥികൾക്ക് വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഭാഷാപരിജ്ഞാനം ഉൾപ്പെടെയുള്ള പരിശീലനങ്ങൾ നൽകാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കും. ഫൻലൻഡ് വലിയതോതിൽ ആരോഗ്യപ്രവർത്തകരെ സ്വീകരിക്കാൻ തയാറായിട്ടുണ്ട്. നോർവേയും അതേ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലുള്ള മലയാളികൾ ഒരിടത്തും അലോസരങ്ങൾ ഉണ്ടാക്കുന്നില്ല എന്നതു വളരെ ശ്രദ്ധേയമായ കാര്യമാണ് പൊതുവേ നല്ല അഭിപ്രായമാണ് എല്ലായിടത്തും മലയാളികളെക്കുറിച്ചുള്ളത്. ഇതു വിദേശങ്ങളിലെ നാടിന്റെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കും. നമ്മുടെ സഹോദരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇതു സഹായിക്കും. 

നാട്ടിൽനിന്നും ആളുകളെ പുറത്തേയ്ക്ക് അയയ്ക്കുക എന്നതല്ല സർക്കാരിന്റെ ഉദ്ദേശം. അവസരങ്ങൾ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. നമുക്ക് നമ്മുടെ നാട്ടിൽതന്നെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രവാസി നിക്ഷേപങ്ങളെ എങ്ങനെ ഉൽപാദനപരമായി ഉപയോഗിക്കാം എന്നതാണ് ആലോചിക്കുന്നത്. സർക്കാർ എറ്റവുമധികം പ്രാധാന്യം നൽകുന്ന നവകേരള നിർമിതിക്ക് യൂറോപ്പിലെയും യുകെയിലെയും പ്രവാസികളുടെ എല്ലാവിധ സഹായവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *