തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം. സംഘടനയുടെ സ്ഥാപക ദിനമായ ഒക്ടോബർ 19 ന് കേരളമെമ്പാടും വിവിധ ജില്ലാ കമ്മിറ്റികളുടെയും, യൂണിറ്റ്, വില്ലേജ്, ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ മെമ്പർഷിപ്പ് ദിനമായി ആചരിച്ചു.
ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദിന്റെ കൊട്ടാരമായ സാബിൽ പാലസിന്റെ ചുമതലക്കാരനായിരുന്ന പ്രവാസി മലയാളി പി പി അഹമ്മദ് ഹാജിക്ക് അംഗത്വം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പ്രവാസിയാണ് 95 വയസുള്ളഅഹമ്മദ് ഹാജി. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഗഫൂർ പി ലില്ലീസ് മലപ്പുറം ജില്ലയിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രമുഖനുമായ കിളിയമണ്ണിൽ നാസറിന് നൽകി ഉദ്‌ഘാടനം ചെയ്തു. 30 വർഷം പ്രവാസ ജീവിതം നയിക്കുകയും പത്തേമാരിയിൽ ഗൾഫിൽ പോകുകയും ചെയ്ത കാട്ടുപുത്തൂര് കുഞ്ഞന് അംഗത്വം നൽകി കൊണ്ട് സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി കോഴിക്കോട് ജില്ലാ തല ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് പ്രശസ്ത ഗായകൻ പന്തളം ബാലന് അംഗത്വം നൽകി കൊണ്ട് സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. കാസർഗോഡ്, വയനാട് ജില്ലകളിൽ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള അംഗത്വ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. ഇടുക്കി ജില്ലയിൽ സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപ്പിള്ളയും, പത്തനംതിട്ടയിൽ റാന്നി മുൻ എം എൽ എ രാജു അബ്രഹാമും, പാലക്കാട് ജില്ലാ സെക്രട്ടറി എം എ നാസറും, കണ്ണൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എം പി അബൂബക്കറും, ആലപ്പുഴയിൽ സംസ്ഥാന കമ്മിറ്റിയംഗം ഷാജി അറഫയും ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു.
കോവിഡിന് ശേഷം നടക്കുന്ന മെമ്പർഷിപ്പ് പ്രവർത്തനത്തിൽ പ്രവാസികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഡിസംബർ 31 ന് മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാനിക്കും.