വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ ഇനി നോര്‍ക്ക-റൂട്ട്‌സ് ജില്ലാ സെല്ലുകള്‍ വഴി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ നോര്‍ക്ക-റൂട്ട്‌സ് ജില്ലാ സെല്ലുകള്‍ മുഖേന ലഭ്യമാക്കും. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലാ കളക്ടറേറ്റുകളിലെ നോര്‍ക്ക-റൂട്ട്‌സ് ജില്ലാ സെല്ലുകള്‍ വഴിയാകും സേവനങ്ങള്‍ ലഭ്യമാകുക. വിദേശ രാജ്യങ്ങളില്‍ സമര്‍പ്പിക്കുവാനുളള കേരളത്തില്‍ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷന്‍ സേവനം ലഭ്യമാക്കുന്നതിനുളള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നോര്‍ക്ക-റൂട്ട്‌സിനെ അധികാരപ്പെടുത്തിയിരുന്നു. നിലവില്‍ പ്രസ്തുത സേവനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജയണല്‍ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതു ജനങ്ങള്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന് വിഭാഗത്തില് രേഖകള്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതില്ല.

വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന്‍ സൗകര്യം കൂടി നോര്‍ക്കയില്‍ ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളില്‍ സമര്‍പ്പിക്കുവാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷന് നോര്‍ക്ക-റൂട്ട്‌സ് ഓഫീസുകള്‍ മുഖാന്തരം ഉദ്യോഗാര്‍ത്ഥികള്‍ക്കും, പ്രവാസികള്‍ക്കും ലഭ്യമാകും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസ ഇതര സര്‍ട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ അഫിഡവിറ്റുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക-റൂട്ട്‌സിന്റെ മേഖലാ ഓഫീസുകളിലും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലാ കളക്ടറേറ്റുകളിലെ നോര്‍ക്ക-റൂട്ട്‌സ് ജില്ലാ സെല്ലുകള്‍ വഴി നല്‍കാവുന്നതാണ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളില്‍ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തല്‍ സേവനവും നോര്‍ക്ക-റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണല് ഓഫീസുകളില് ലഭ്യമാണ്. എം.ഇ.എ, അപ്പോസ്‌റ്റൈല്‍ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍ എംബസ്സികളുടെ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 18004253939 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *