ജർമനിയില്‍ മണിക്കൂറിലെ മിനിമം വേതനം 12 യൂറോയില്‍ നിന്ന് 12.82 യൂറോയായി ഉയര്‍ത്തും

ബര്‍ലിന്‍: ജർമനിയിലെ മിനിമം വേതനം മണിക്കൂറില്‍ നിലവിലുള്ള 12 യൂറോയില്‍ നിന്ന് 12.82 യൂറോയായി ഉയര്‍ത്തും. രണ്ട് ഘട്ടങ്ങളിലായാണ് വർധനവ് നടപ്പാക്കുന്നത്. രാജ്യത്തെ മിനിമം വേജ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, 2024 ജനുവരി 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 12.41 യൂറോയായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം, 2025 ജനുവരി 1 ന് മിനിമം വേതനം 12.82 യൂറോയായി വീണ്ടും ഉയര്‍ത്തും.

ഓരോ രണ്ട് വര്‍ഷത്തിലും കമ്പനികള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിഷന്‍, മിനിമം വേതനം സംബന്ധിച്ച് ശുപാര്‍ശ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് വർധനവ്. എന്നിരുന്നാലും, ഉയര്‍ന്ന പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനവര്‍ധന അപര്യാപ്തമാണെന്ന് കമ്മിഷനിലെ  ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

വർധന മതിയാവില്ലെന്ന് തൊഴിലാളി സംഘടനയായ ജർമന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ (ഡിജിബി) വ്യക്തമാക്കി.  തൊഴിലാളി പ്രതിനിധികള്‍ കുറഞ്ഞത് 13.50 യൂറോ വരെ വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കമ്പനി പ്രതിനിധികളും കമ്മിഷനും ഇത് നിരസിച്ചു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്തെ മിനിമം വേതനം 10.45 യൂറോയില്‍ നിന്ന് 12 യൂറോയായി ഉയര്‍ത്തിയിരുന്നു. 2015 ലാണ് ജർമനി ആദ്യമായി നിയമാനുസൃത മിനിമം വേതനം അവതരിപ്പിച്ചത്. തുടക്കത്തില്‍ ഇത് മണിക്കൂറിന് 8.50 യൂറോ ആയിരുന്നു.  

Leave a Reply

Your email address will not be published. Required fields are marked *