തിരുവനന്തപുരം: കേരള സമ്പദ്ഘടനയുടെ മൂന്നിലൊന്ന് വരുമാനം സംഭാവന നല്‍കുന്നത് പ്രവാസികളാണെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന പഠന ക്യാമ്പ് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കണക്കനുസരിച്ച് കേരള ജിഡിപിയുടെ 30 ശതമാനമാണ് പ്രവാസി റെമിറ്റന്‍സ്.
ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും മലയാളി പ്രവാസികള്‍ വലിയ തോതില്‍ ശോഭിക്കാനായത് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്‍റെ ശക്തികൊണ്ട് കൂടിയാണ്. മറ്റേത് രാജ്യങ്ങളിലെയും തൊഴിലാളികളുമായി ശേഷിയിലും ഭാഷാ നെെപ്യുണത്തിലും നമുക്ക് പിടിച്ചു നില്‍ക്കാനായി. കേരള വികസനത്തിന്‍റെ മറ്റൊരൂ മാതൃകയാണ് മാനവ വിഭവശേഷിലെ ഈ സവിശേഷതയെന്നും ഡോ. ഐസക് പറഞ്ഞു.
പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ പ്രവാസി സമൂഹം സന്നദ്ധമാകണം. മുന്‍ കാലങ്ങളിലെതു പോലുള്ള തൊഴില്‍ വിപണിയല്ല ഇന്ന്. ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ മുഴുവന്‍ ഗുണഫലങ്ങളും ഉള്‍ക്കൊണ്ട് പുതിയ കാലത്ത് മുന്നേറാന്‍ കഴിയണം. നമ്മുടെ വിദ്യാഭ്യാസ – ആരോഗ്യ മേഖലയില്‍ നവീനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയണം. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള നവ കേരള കാഴ്ചപ്പാടനുസരിച്ച് ലോകത്തെ ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ കഴിയണം. സര്‍ക്കാര്‍ മുതല്‍മുടക്ക് കൊണ്ട് മാത്രം ഇതിന് കഴിയില്ല. പ്രവാസി വ്യവസായികളും സ്ഥാപനങ്ങളും ഇതില്‍ മാന്യമായ പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി അദ്ധ്യക്ഷനായിരുന്നു. പ്രവാസി സംഘം പ്രസിഡണ്ട് അഡ്വ: ഗഫൂര്‍ പി ലില്ലീസ്, ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, പി സെയ്താലിക്കുട്ടി, സജീവ് തെെക്കാട്, പി കെ അബ്ദുല്ല, ആര്‍ ശ്രീകൃഷ്ണപിള്ള, സി കെ കൃഷ്ണദാസ്, കെ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ ജൂലൈ 8, 9 തിയ്യതികളിലായി നടന്ന പഠന ക്യാമ്പിൽ ഡോ. സുനില്‍ പി ഇളയിടം, ഡോ. പി എസ് ശ്രീകല, പി എം മനോജ്, എൻ ജഗജീവന്‍, കെ സി സഹദേവന്‍, അജിത് കൊളാശ്ശേരി എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി കെ ബിജു ശനിയാഴ്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിഎല്‍ അനില്‍ കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.