പ്രവാസി ക്ഷേമ പദ്ധതികൾക്ക്‌ കേന്ദ്രസർക്കാറിന്റെ ധന സഹായംതേടും:  കെ വി അബ്ദുൽഖാദർ

ദോഹ: കേരള സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാറിന്റെ ധന സഹായംലഭ്യമാക്കാനുള്ള പരിശ്രമംതുടരുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എം എൽ .എ യുമായ കെ വി  അബ്ദുൾ ഖാദർ.

രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വമ്പിച്ച സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളെ വേണ്ടരീതിയിൽ കേന്ദസർക്കാർ പരിഗണിക്കുന്നെല്ലെന്നും ദോഹയിൽ സംസ്‌കൃതി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും പ്രവാസികൾക്കായി ക്ഷേമ ബോർഡുകൾ ഇല്ല. മലയാളികളായ പ്രവാസികളിൽ എട്ടര ലക്ഷത്തോളം പ്രവാസികൾ മാത്രമാണ് ഇപ്പോൾ ക്ഷേമ നിധിയിൽ അംഗങ്ങളായുള്ളത്. നാല്പത്തിനായിരത്തോളും ആളുകൾക്ക്  ഇപ്പോൾ പെൻഷൻ നല്കിവരുന്നതായും  പെൻഷൻ 3000 മുതൽ 3500 രൂപ വരെ ആയി ഉയർത്തിയതായും ചെയർമാൻ പറഞ്ഞു.

പ്രവാസി ക്ഷേമ നിധി ബോർഡിലെ തട്ടിപ്പിനെ കുറിച്ച് വന്നവാർത്ത ഒറ്റപ്പെട്ട സംഭവമാണ് . പ്രവാസികൾക്ക് അതിൽ ആശങ്ക വേണ്ടതില്ല. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. അതൊരു വ്യക്തിമാത്രം നടത്തിയ തട്ടിപ്പാണെന്നും ബോർഡിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കർശന നടപടി സ്വീകരിച്ചതായും  അദ്ദേഹം പറഞ്ഞു. പെൻഷൻ, ചികിത്സ, മക്കളുടെ വിദ്യാഭ്യസ വായ്പ്പ തുടങ്ങിയ കാര്യങ്ങളാണ്  ഇപ്പോൾ ബോർഡിന് കീഴിൽ നടക്കുന്നത്. പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ  വർധിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു  തീരുമാനിക്കും. സർക്കാർ അനുവദിക്കുന്ന ബജറ്റ് വിഹിതം മാത്രമാണ് ഇപ്പോൾ ബോർഡിനുള്ളത്. സ്വന്തമായി  വരുമാനം  കണ്ടെത്താൻ പ്രവാസി ലോട്ടറി പോലുള്ള പദ്ധതികൾ സർക്കാരിന്  മുന്നിൽ വെച്ചിട്ടുണ്ട്. ഇത്തരം വരുമാനം ലഭിക്കുന്നതിലൂടെ കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

മലയാളി പ്രവാസികളുടെ കൃത്യമായ കണക്ക് സർക്കാരിന് മുന്നിൽ ഇല്ല. പത്തു വര്ഷം മുൻപ് കേരള സർക്കാർ ആശാവർക്കർമാരെ ഉപയോഗിച്ചു കണക്കെടുപ്പ് നടത്തിയതായും അബ്ദുൽഖാദർ  പറഞ്ഞു. പ്രവാസി സംഘടനകളെ ഉപയോഗപ്പെടുത്തി  പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസ ലോകത്തു  വിപുലമായ പ്രചാരണം നടത്തുമെന്നും പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പറഞ്ഞു.

പ്രവാസി പെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്യാനുള്ള അധികാരം പ്രവാസി ക്ഷേമ ബോർഡ് ഡയറക്റ്റര്മാര്ക്കും നൽകുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി  അബ്ദുൾ ഖാദർ പറഞ്ഞു.  പെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും മാർച്ച് മാസത്തിൽ സമർപ്പിക്കേണ്ട ആൾ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. നിലവിൽ ഇത് നാട്ടിൽ ഗസറ്റഡ് ഓഫീസിര്മാരാണ് അറ്റെസ്റ് ചെയ്യുന്നത്. പ്രവാസികൾ എംബസികൾ വഴി ചെയ്യുമ്പോൾ ഫീസ് ഉൾപ്പെടെ നൽകേണ്ടി വരുന്നുണ്ട്. ഈ വിഷയം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ചെയർമാൻ  ഇങ്ങനെ പ്രതികരിച്ചത്. ഇത് സംബന്ധമായി കൃത്യമായ ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസിക്ഷേമബോർഡ് അംഗമായി  തിരഞ്ഞെടുക്കപ്പെട്ട  ഇ എം  സുധീറിനുള്ള പൗരസ്വീകരണം ഇന്ന് (വെള്ളി)  വൈകുന്നേരം 6.30 ന് ഐ സി സി അശോക ഹാളിൽ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി  അറിയിച്ചു. സ്വീകരണ സമ്മേളനം  കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി  അബ്ദുൾ ഖാദർ ഉത്ഘാടനം ചെയ്യും. ഖത്തറിലെ വിവിധ സംഘടന നേതാക്കൾ പങ്കെടുക്കും. സംസ്കൃതി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ   പ്രവാസിക്ഷേമബോർഡ് അംഗം ഇ എം സുധീർ, സംസ്‌കൃതി  ജനറൽ സെക്രട്ടറി  എ കെ  ജലീൽ, സംഘാടക സമിതി ചെയർമാൻ സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *