നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല; ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി

ഡൽഹി: നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ വര്‍ദ്ധനവ് താല്‍ക്കാലികമാണെന്നും സീസണ്‍ ആയതുമൂലവും ആവശ്യത്തിനനുസരിച്ച് സീറ്റുകള്‍ ഇല്ലാത്തതും വിമാന ഇന്ധന വില ഉയര്‍ന്നതുമാണ് നിരക്ക് വര്‍ദ്ധനവിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

തിരഞ്ഞെടുക്കുന്ന സെക്ടറുകളില്‍ നിരക്കുകള്‍ നിരീക്ഷിക്കാറുണ്ടെന്നും എന്നാല്‍ കോവിഡിന് മുമ്പുള്ള നിരക്കും നിലവിലെ നിരക്കും തമ്മിലെ താരതമ്യം സംബന്ധിച്ചുള്ള കണക്കുകള്‍ ശേഖരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കോമ്പറ്റീഷന്‍ നിയമങ്ങള്‍ പ്രകാരം മത്സര സ്വഭാവത്തിലല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നും ഉണ്ടാകുകയാണെക്കില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഇടപെടാമെന്നല്ലാതെ വിപണിയിലെ ഡിമാന്റ് അനുസരിച്ച് വിവിധ റൂട്ടുകളില്‍ നിരക്കുകള്‍ ഉയരുന്നത് കമ്പോള സ്വഭാവമാണെന്നും അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

എന്ത് ന്യായവാദങ്ങള്‍ നിരത്തിയാലും അമിത നിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര ഗവണ്‍മെന്റിനു തന്നെയാണെന്നും അതിനു വേണ്ട സത്വര നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *