അടൂർ: കലാപബാധിതമായ മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ഇന്ത്യയുടെ യശസ്സ് വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇകഴ്ത്തുന്ന തരത്തിൽ സ്ത്രീകളുൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ, കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധമുയർത്തിയും കേരള പ്രവാസി സംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിൻ്റെ ഭാഗമായി, കേരള പ്രവാസി സംഘം അടൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം സി ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സ. പി ബി ഹർഷകുമാർ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
ദീർഘകാലം പരസ്പര സഹകരണത്തോടെ കഴിഞ്ഞിരുന്ന മണിപ്പൂർ ജനങ്ങളെ ബി ജെ പി അധികാരത്തിലെത്തിയ ശേഷമാണ് വിദ്വേഷത്തിന്റെ വിത്തുകൾ പാകി പരസ്പരം ശത്രുക്കളാക്കി മാറ്റിയത്. അധികാരം നില നിർത്തുന്നതിനായി ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചു കൂടെ നിർത്തുന്നതിനായി ന്യുനപക്ഷങ്ങളെ ശത്രുപക്ഷത്ത് നിർത്തി കലാപമഴിച്ചു വിടുകയാണ് മണിപ്പൂരിൽ ചെയ്യുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം 200 ഓളം പേര് ഇതിനകം കലാപത്തിൽ കൊല്ലപ്പെട്ടു. എണ്ണമറ്റ വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കി. കടകമ്പോളങ്ങളും വാഹനങ്ങളും തകർക്കപ്പെട്ടു. 200 ലധികം കൃസ്ത്യൻ പള്ളികൾക്ക് തീയിട്ടു. 50000 ത്തിലധികം പേർ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. ഏറ്റവുമൊടുവിൽ 3 സ്ത്രീകളെ വിവസ്ത്രരാക്കി തെരുവിലൂടെ നടത്തുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. നിരവധി സ്ത്രീകൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ടതായാണ് പുറത്തു വരുന്ന വാർത്തകൾ. ലോകമാകെ ഇന്ത്യയെ നാണം കെടുത്തുന്ന തരത്തിൽ ഇത്തരം വാർത്തകൾ ദൃശ്യങ്ങൾ സഹിതം പ്രചരിക്കുകയാണ്.
ലോകമാകെയുള്ള ഇന്ത്യക്കാർക്ക് ഇതര രാജ്യക്കാരുടെ മുന്നിൽ തലകുനിക്കേണ്ട സാഹചര്യമാണ് മണിപ്പൂരിലെ സംഭവങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കലാപം അവസാനിപ്പിക്കുന്നതിനും, മണിപ്പൂരിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്കേരള പ്രവാസിസംഘം അടൂർ ഏരിയാ കമ്മിറ്റി കേന്ദ്ര ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘം അടൂർ ഏരിയാ കമ്മിറ്റി അംഗങ്ങളും മേഖല കമ്മിറ്റി ഭാരവാഹികളും പ്രതിക്ഷേധ സംഗമത്തിൽ പങ്കെടുത്തു. പഴകുളത്ത് വെച്ച് നടന്ന പ്രതിക്ഷേധ സംഗമത്തിൽ പള്ളിക്കൽ മേഖല സെക്രട്ടറി മനോഹരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. അടൂർ ഏരിയ പ്രസിഡൻ്റ് അഡ്വ. എം എ സലാം, ഏരിയാ സെക്രട്ടറി എസ് പ്രദീപ് കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ ചന്ദ്രഭാനു, കെ രാജേന്ദ്ര കുമാർ, സി പി ഐ (എം) പള്ളിക്കൽ ലോക്കൽ സെക്രട്ടറി ആർ സുരേഷ്, സി രവീന്ദ്രൻ, സുമേഷ് എസ് നായർ എന്നിവർ സംസാരിച്ചു.