കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66 – മത് എഡിഷന്റെ ഭാഗമായുളള 60 അംഗ ഇന്ത്യന്‍ വംശജരായ പ്രവാസി വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം കൊച്ചിയിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സംഘത്തെ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും നോര്‍ക്ക റൂട്ട്സ് പി.ആര്.ഒ യുമായ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, നോര്‍ക്ക റൂട്ട്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലതീഷ് ശശിധരന്, ഫിനാന്‍സ് മാനേജര്‍ വി. ദേവരാജന്‍, എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്. കെ.ആര് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ശ്രീകാന്ത്.ജി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സംസ്ഥാന സർക്കാരിനു വേണ്ടി നോർക്ക റൂട്ട്സിന്റെ നേതൃത്തിലാണ് സന്ദർശന പരിപാടി ആസൂതണം ചെയ്തിട്ടുള്ളത്. സന്ദര്‍ശനത്തിന് സംഘം നാളെ ഔദ്യോഗികമായി തുടക്കമാകും. കേരളത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സംഘം സന്ദര്‍ശനം നടത്തുക.
ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്മാര്,ന്യൂസിലാന്റ്, സറിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുളള അറുപതോളം യുവതീ-യുവാക്കളാണ് കേരളത്തിലെത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, സംസ്ഥാന സർക്കാർ/നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ എന്നിവര്‍ യാത്രയെ അനുഗമിയ്ക്കും.