സിദ്ദിഖിന്റെ വേർപാടിൽ വേദനയോടെ പ്രവാസികളും

ഷാർജ: ഗൾഫ് മലയാളികളുമായി ഏറെ അടുപ്പം സൂക്ഷിച്ചവരാണ് ഒരുകാലത്ത് കേരളത്തിലെ മിമിക്രി കലാകാരന്മാർ. യു.എ.ഇ.യിലെ വേദികളിൽ മിമിക്രി അവതരിപ്പിച്ച് കൊച്ചിൻ കലാഭവനിലെയും കൊച്ചിൻ ഹരിശ്രീയിലെയും താരങ്ങൾ ഒരുപാട് കൈയടി നേടിയിട്ടുണ്ട്. അത്തരം താരങ്ങളിൽ പ്രവാസി മലയാളികൾക്ക് ഏറെ അടുപ്പമുള്ളവരാണ് സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട്.

അപ്രതീക്ഷിതമായി സിദ്ദിഖ് എന്ന സംവിധായകനെയും എഴുത്തുകാരനെയും മനുഷ്യസ്നേഹിയെയും നഷ്ടമായ വേദനയിലാണ് പ്രവാസികൾ.

1990-ന്റെ തുടക്കംമുതൽ സിദ്ദിഖ് മിമിക്രിയുമായി യു.എ.ഇ.യിലെത്താറുണ്ടെന്ന് പ്രവാസികൾ ഓർക്കുന്നു. സിനിമയിൽ സജീവമായതോടെ സിദ്ദിഖ് ഒട്ടേറെത്തവണ യു.എ.ഇ.യിലെത്തുകയും ചെയ്തു. പുതിയ സിനിമകളുടെ കഥ, നിർമാണ ചർച്ചകൾക്കായും സിദ്ദിഖ് യു.എ.ഇ.യിലെത്തി. കഴിഞ്ഞവർഷം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ വർഷം മാർച്ചിലാണ് പുതിയ സിനിമാചർച്ചയുടെ ഭാഗമായി സിദ്ദിഖ് അവസാനമായി ദുബായിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *