യുഎഇയിൽ ആവശ്യത്തിന് അരി ഉണ്ടെന്നു വ്യാപാരികൾ പറയുമ്പോഴും പ്രവാസികൾക്ക് സംശയം ബാക്കി; യാത്രയിൽ താരമായി ‘അരി പാക്കറ്റ്’

ദുബായ്: ഇത്തവണ നാട്ടിൽ നിന്നു മടങ്ങുന്ന പ്രവാസികൾ അച്ചാർ കുപ്പികൾക്കും ചമ്മന്തിപ്പൊടിക്കുമൊപ്പം ഒരു കൂട്ടം കൂടി കയ്യിൽ കരുതും, അരി. യൂറോപ്യൻ രാജ്യങ്ങളിലേക്കു പോകുന്ന പ്രവാസികൾ അരിയുമായി പോകുമ്പോൾ കളിയാക്കിയിരുന്ന ഗൾഫ് മലയാളികൾ ഇത്തവണ പെട്ടിയിൽ ആദ്യം വച്ചത് അരി പായ്ക്കറ്റുകളാണ്.

 കേരളത്തിലെ എല്ലാം ഗൾഫിൽ കിട്ടുമെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവർക്ക് അരി മുടങ്ങുമോയെന്ന് ആശങ്കയുണ്ട്. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതി നിരോധിച്ചതാണ് ഇതിനു കാരണം. വെള്ള അരിക്ക് ഏർപ്പെടുത്തിയ നിരോധനം മറ്റ് അരികൾക്കും വന്നേക്കുമെന്ന് സൂചനയുണ്ട്. 

അങ്ങനെ വന്നാൽ മട്ടയരി വരവും നിലയ്ക്കും. നിലവിൽ യുഎഇയിൽ ആവശ്യത്തിന് അരി ഉണ്ടെന്നു വ്യാപാരികൾ പറയുമ്പോഴും പ്രവാസികൾക്ക് സംശയം ബാക്കിയാണ്. 

എന്തായാലും അരി വാങ്ങുക തന്നെ. മടക്കയാത്രയിൽ  4 പേരുടെ കുടുംബം മടങ്ങുമ്പോൾ കുറഞ്ഞത് 40 കിലോ അരിയെങ്കിലും എത്തിക്കാം. അരി മുടങ്ങുമെന്ന സാഹചര്യം നിലവിൽ ഇല്ലെന്ന് എമിറേറ്റ്സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അറിയിച്ചു. അരി കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചതിലൂടെ രാജ്യത്ത് അരി ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

 യുഎഇയിൽ സ്റ്റോക്കുള്ള ഇന്ത്യൻ അരി പുനർകയറ്റുമതി ചെയ്യാൻ നിരോധനമുണ്ട്.മറ്റു രാജ്യങ്ങളിൽ നിന്നുള്ള അരി പോലും പുനർ കയറ്റുമതി ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വേണം. 

കയറ്റുമതി നിരോധനത്തിന്റെ മറവിൽ അരി വില വർധിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. അരി വില വർധിപ്പിക്കണമെങ്കിൽ മുൻകൂർ അനുമതി വേണം. പൂഴ്ത്തിവയ്പ്പും വില വർധനയും തടയാൻ ഉദ്യോഗസ്ഥർ കടകളിൽ നിരന്തര പരിശോധന നടത്തും. 

അനധികൃതമായി വില കൂട്ടിയാൽ കച്ചവടക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റി അറിയിച്ചിരുന്നു. യുഎഇയിലേക്ക് അരി എത്തിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 

വിപണിയിലെ അരി ഇനങ്ങളിൽ 50 ശതമാനവും ഇന്ത്യയിൽ നിന്നാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അരി സ്റ്റോക്ക് ചെയ്യുന്നതിൽ മലയാളികൾ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഇവിടെയുള്ളവർ ഇതിനകം പ്രിയപ്പെട്ടബ്രാൻഡുകൾ സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. നാട്ടിലുള്ളവരും അരിയുമായി വരും.

Leave a Reply

Your email address will not be published. Required fields are marked *