ജിദ്ദ: സൗദിയിലെ സിനിമ വ്യവസായത്തിന്റെ യാഥാർഥ്യവും ഭാവിയും അവലോകനം ചെയ്യുന്ന സൗദി ഫിലിം ഫോറത്തിന്റെ ആദ്യ സമ്മേളനം ഒക്ടോബർ ആദ്യ വാരം നടക്കും. റിയാദിലെ ബോളിവാർഡ് സിറ്റി ഹാളിൽ ഒക്ടോബർ ഒന്ന് മുതൽ നാല് വരെയാണ് മേളയെന്ന് ഫിലിം അതോറിറ്റി അറിയിച്ചു.
ലോകസിനിമയിലെ പ്രമുഖ നിർമാതാക്കൾ, സംവിധായകർ, നിക്ഷേപകർ, രാജ്യാന്തര മാധ്യമങ്ങൾ എന്നിവർ പങ്കെടുക്കും. സിനിമാ വ്യവസായ മേഖലയിലെ സൌദിയിലെയും രാജ്യാന്തര തലത്തിലെയും വ്യക്തിത്വങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്ന ഒരു വേദിയായിരിക്കും സമ്മേളനമെന്നും വിലയിരുത്തപ്പെടുന്നു. സൗദി സിനിമയുടെ വളർച്ചക്കും നവീകരണത്തിനും ഉതകുന്ന പുത്തൻ സാങ്കേതിക വിദ്യകളുടെ അടിത്തറ പാകാൻ മേളയിലൂടെ സാധിക്കും.
ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ സിനിമാ വ്യവസായത്തിന്റെ പ്രാധാന്യം പരസ്യപ്പെടുത്തുന്നതിനും വേണ്ട അടിസ്ഥാന തലങ്ങളേയും പ്രധാന വകുപ്പുകളെയും ഒരുമിപ്പിക്കുന്ന ഇടമാകുകയാണ് ഫിലിം ഫോറത്തിലൂടെ സംഘാടകർ ഉന്നമിടുന്നത്.
വ്യവസായസാധ്യതകൾ, ലോകവ്യാപകമായ ശൈലികൾ, വെല്ലുവിളികൾ, സിനിമ വ്യവസായ അവസരങ്ങൾ എന്നീ മൂന്ന് വിഷയത്തിൽ അടിസ്ഥാനമാക്കി ചർച്ചകളും പരിപാടികളും നടക്കും. ഫോറത്തിൽ അൻപതോളം പേർ വിവിധ വിഷയങ്ങളിൽ മേളയിൽ പ്രസംഗിക്കും.നിരവധി സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളും കണ്ടുപിടിത്തങ്ങളും ആധുനിക സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കുന്ന സിനിമ പരിപാടിയും ഈ ദിവസങ്ങളിൽ മേളയോടനുബന്ധിച്ച് നടത്തും
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാലകളിൽ വിദഗ്ധർ നൽകുന്ന പരിശീലന സെഷനുകൾ ഉണ്ടാകും. മികച്ച ഇന്നവേറ്റർമാരുടെ യാത്രകളും സിനിമ വ്യവസായത്തിലെ പ്രധാന ട്രെൻഡുകളും പങ്കിടുന്ന പ്രചോദന മേഖലയാണ് മറ്റൊരു പ്രധാന വിഭാഗം. ഒപ്പം വിവിധ പ്രാധാന്യമേറിയ സ്ഥലങ്ങളുടെ എക്‌സിബിഷനുമുണ്ടാകും. അതിൽ സൌദിയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രീകരണ സ്ഥലങ്ങൾ പ്രദർശിപ്പിക്കും.സിനിമ മേഖലയിൽ കഴിവുള്ളവർക്കും താൽപര്യമുള്ളവർക്കുമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻററാക്ടിവ് ആക്ടിവിറ്റി മേഖലയുണ്ടായിരിക്കും.
സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും രീതികളും ശൈലികളുമൊക്കെ സന്ദർശകരെ പരിചയപ്പെടുത്തുന്ന ഒരു അനുഭവ മേഖല, കരാറുകൾ, യോഗങ്ങൾ, വിവിധ പങ്കാളിത്തങ്ങൾ എന്നിവയിൽ ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കുന്ന ഒരു ബിസിനസ് ഇടം എന്നിവയുമുണ്ടാകും.
രാജ്യത്തെ സിനിമ വ്യവസായത്തിൽ വളർന്നുവരുന്ന സാമ്പത്തിക പങ്ക് എടുത്തുകാട്ടാനും മികച്ച ഫിലിം മേക്കർമാരെയും രാജ്യാന്തര നിർമാതാക്കളെയും ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഫിലിം അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫോറം സംഘടിപ്പിക്കുന്നത്.സൗദി ഫിലിം ഫോറം സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നേട്ടമായിരിക്കുമെന്ന് സൗദി ഫിലിം അതോറിറ്റി സിഇഒ എൻജ. അബ്ദു അൽഅയ്യാഫ് പറഞ്ഞു.