അബുദാബി: സാബു, താങ്കൾ എവിടെയാണ്? അബുദാബിയിലുള്ള അമ്മ കണ്ണീരോടെ കാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് അമ്മയെ ഒന്നു ഫോൺ വിളിക്കുകയെങ്കിലും ചെയ്യൂ. കഴിഞ്ഞ 11 ദിവസത്തിലേറെയായി മലയാളി യുവാവിനെ യുഎഇയിൽ കാൺമാനില്ല. അബുദാബിയിൽ വീട്ടുജോലിക്കാരിയായ അമ്മ ആശങ്കയിൽ. ആലപ്പുഴ ചേർത്തല അർത്തുങ്കൽ കുരിശിങ്കൽ സ്വദേശി സാബു കുരിശിങ്കൽ എന്ന സെബാസ്റ്റ്യനെ (34)യാണ് കഴിഞ്ഞ മാസം 31ന് രാത്രി മുതല്‍ കാണാതായത്. ബന്ധുക്കൾ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് അമ്മ മേരി ജെസിന്ത പറഞ്ഞു.
2017 മുതൽ യുഎഇയിലുള്ള സാബു വിവിധ എമിറേറ്റുകളിലായി ജോലി ചെയ്തുവരികയായിരുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനിയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. കോവിഡ്19 കാലത്ത് ജോലി നഷ്ടപ്പെട്ടു. പിന്നീട് അബുദാബിയിൽ ഒരു കർട്ടൻ നിർമാണ കമ്പനിയിൽ ജോലി ചെയ്തെങ്കിലും അതും വിടേണ്ടി വന്നു. എല്ലാ ദിവസവും അമ്മ മേരി ജസിന്തയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന സാബു ഇടയ്ക്ക് നേരിട്ട് ചെന്നു കാണാറുമുണ്ടായിരുന്നു. കാണാതാവുന്നതിന് രണ്ട് ദിവസം മുൻപ് അബുദാബിയിലെത്തി അമ്മയെ സന്ദർശിച്ചു. ഷാർജയിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നു എന്ന് പറഞ്ഞ് മടങ്ങിയതാണ്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ മേരി ജസിന്തയുടെ മൊബൈൽ ഫോൺ കേടായതിനാൽ രണ്ടു ദിവസത്തേക്ക് വിവരം അന്വേഷിക്കാനുമായില്ല. എന്തു ചെയ്യണമെന്നറിയാത്തതിനാൽ പൊലീസിലോ ഇന്ത്യൻ എംബസി അധികൃതർക്കോ പരാതി നൽകിയിട്ടുമില്ലാ.
മക്കളെ വളർത്താൻ വീട്ടുജോലിക്കാരിയായി
നിർധന മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച മേരി ജെസിന്തയുടെ ഭർത്താവ് ഇവരുടെ ഇളയ മകൾക്ക് ഒന്നര വയസ്സുള്ളപ്പോൾ മരിച്ചു. 27–ാമത്തെ വയസ്സിൽ വിധവയായ മേരി ജസിന്ത മക്കളെ വളർത്താൻ വേണ്ടി അധ്വാനിക്കാൻ തുടങ്ങി. മകളെ പിന്നീട് കോൺവെന്റിൽ ചേർത്തു പഠിപ്പിച്ചു. നഴ്സിങ് പാസായ മകൾക്ക് ചെറിയ കുട്ടിയുള്ളതിനാൽ ഇപ്പോൾ ജോലിക്ക് പോകുന്നില്ല.
മേരി ജസിന്ത കഠിനമായി അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് മൂന്ന് സെന്റ് സ്ഥലം വാങ്ങി അവിടെ പണിത ഷെഡിലായിരുന്നു താമസം. സാബു അഞ്ചാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ചു. മക്കളെ ജീവനോടെ കണ്ടാൽമതി എന്ന വിചാരത്തിൽ നിർബന്ധിച്ച് സ്കൂളിലേക്ക് അയക്കാൻ കഴിഞ്ഞുമില്ലെന്ന് മേരി ജസിന്ത മനോരമ ഒാൺലൈനോട് പറഞ്ഞു.
വൃക്ക രോഗി കൂടിയായ മകന് നേരത്തെയും പല അസുഖങ്ങൾക്ക് ചികിത്സ നൽകിയിരുന്നു. ഇതിനായി മേരി ജസിന്തയുടെ സമ്പാദ്യം ഏറെ ചെലവഴിച്ചു. മകനെ കാണാതായത് മുതൽ ഇൗ അമ്മ ശരിക്ക് ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. മകൻ എത്രയും പെട്ടെന്ന് തന്റെ അരികിലെത്തും എന്നു തന്നെയാണ് വിശ്വാസം. ഇതിനായി പൊലീസിലും എംബസിയിലും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. ഇവര്‍ക്ക് സഹായം നൽകാൻ അബുദാബിയിലെ സാമൂഹിക പ്രവർത്തകരെത്തുമെന്നാണ് പ്രതീക്ഷ.