ഷാർജയിൽ കഴിഞ്ഞവർഷം നടന്നത് 4000 കോടി ദിർഹത്തിന്റെ ഇടപാടുകൾ; നിക്ഷേപകരിൽ പ്രവാസികളും

ഷാർജ: കഴിഞ്ഞവർഷം ഷാർജയിൽ നടന്നത് 4000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്. മുൻനിര നിക്ഷേപകരിൽ സ്വദേശികൾക്കൊപ്പം ഇത്തവണ പ്രവാസികളുമുള്ളതായി റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 2023-ൽ 2700 കോടി ദിർഹത്തിന്റെ ഇടപാടായിരുന്നു നടന്നത്. പ്രാദേശിക, അറബ്, ഏഷ്യൻ പൗരൻമാരിൽനിന്നുള്ള ആവശ്യകത മൂലം ഷാർജയിലെ വസ്തുഇടപാടുകളിൽ കഴിഞ്ഞവർഷം 48 ശതമാനം വളർച്ചയുണ്ടായി. എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടപാടാണിത്.

2024-ൽ 120 രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർ ഷാർജയിലെത്തി. 2023-ൽ ഇത് 103 ആയിരുന്നു. യു.എ.ഇ. ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർ കഴിഞ്ഞവർഷം നടത്തിയ ഇടപാടുകളുടെ എണ്ണം 45,676 ആണ്. 2023-ൽ ഇത് 31,229 ആയിരുന്നു. വസ്തുവകകൾ വാങ്ങിയവരുടെ പട്ടികയിൽ 1920 കോടി ദിർഹവുമായി യു.എ.ഇ. പൗരൻമാരാണ് മുന്നിൽ. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരുടെ നിക്ഷേപം 230 കോടി ദിർഹമാണ്. ഇവരെക്കൂടാതെയുള്ള അറബ് പൗരൻമാർ 700 കോടി ചെലവഴിച്ചു. മറ്റ് രാജ്യങ്ങളിലെ പൗരൻമാരുടെ നിക്ഷേപമാകട്ടെ മുൻവർഷത്തെ അപേക്ഷിച്ച് വൻ വർധനയോടെ 1150 കോടി ദിർഹവുമായി.

ഇമിറാത്തികൾ 30,638 ഇടപാടുകൾ നടത്തി. ഇന്ത്യ, സിറിയ, ഇറാഖ്, ഈജിപ്ത്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള നിക്ഷേപകർ തൊട്ടുപിറകിലുണ്ട്. 32 ധനകാര്യസ്ഥാപനങ്ങൾ 1000 കോടി ദിർഹം മൂല്യമുള്ള 2558 ഇടപാടുകൾ നടത്തി. മുവൈല കൊമേഴ്‌സ്യൽ ആണ് ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയത്. കഴിഞ്ഞവർഷം ഷാർജയിൽ 14 പുതിയ താമസ, വാണിജ്യ, വ്യവസായ പ്രോജക്ടുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഒൻപത് കെട്ടിടസമുച്ചയങ്ങളും അഞ്ച് ടവറുകളും ഉൾപ്പെടുന്നു. ഇതിൽ 20,197 പ്രോപ്പർട്ടികളുടെ വിൽപ്പന നടന്നു. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, സ്ഥലവും കെട്ടിടങ്ങളും വാങ്ങാനും വില്ക്കാനുമുള്ള എളുപ്പം എന്നിവയെല്ലാമാണ് നിക്ഷേപകരുടെ തിരക്ക് വർധിക്കാൻ ഇടയാക്കിയത്.

ഷാർജയുടെ റിയൽ എസ്‌റ്റേറ്റ് വിപണി അതിന്റെ കുതിപ്പ് തുടരുകയാണ്. പ്രോപ്പർട്ടി വാങ്ങുമ്പോൾ നിക്ഷേപകർക്ക് എട്ട് മുതൽ 10 ശതമാനം വരെ വാടക വരുമാനം പ്രതീക്ഷിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *