തിരുവനന്തപുരം: വ്യോമയാനരംഗത്ത് മലയാളി സംരംഭകരുടെ ഉടമസ്ഥതയിലൊരുങ്ങുന്ന ‘എയർ കേരള’യുടെ പ്രവർത്തനപുരോഗതി അറിയിക്കാൻ കമ്പനി ചെയർമാൻ, വൈസ് ചെയർമാൻ, സി.ഇ.ഒ. എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.
എയർ കേരള എന്ന സ്വപ്നപദ്ധതിക്ക് കേരള സർക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചെന്ന് ഉടമകൾ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കൂടാതെ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, റവന്യു മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സിയാൽ ഡയറക്ടർ ബോർഡ് അംഗം അൻവർ സാദത്ത് എം.എൽ.എ., സണ്ണി ജോസഫ് എം.എൽ.എ., മാണി സി. കാപ്പൻ എം.എൽ.എ. തുടങ്ങിയ നേതാക്കളുമായി സംഘം ചർച്ചനടത്തി.
കൊച്ചി, കണ്ണൂർ എന്നിവിടങ്ങൾ കൂടാതെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ വിമാനത്താവളങ്ങളെക്കൂടി ബന്ധിപ്പിച്ചുള്ള സർവീസുകൾ പ്രാവർത്തികമാക്കണമെന്നും കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് എയർ കേരള മുതൽക്കൂട്ടാകട്ടെയെന്നും നേതാക്കൾ പറഞ്ഞു.
എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, സി.ഇ.ഒ. ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപ്പറേഷൻസ് മേധാവി ഷാമോൻ പട്ടവാതുക്കൽ സയ്യിദ് മുഹമ്മദ് എന്നിവർ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.