കുവൈത്ത് സിറ്റി: കുറഞ്ഞ വരുമാനമുള്ള ജോലിക്കാരും വീട്ടുജോലിക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കുവൈത്ത് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ശമ്പളമോ വരുമാനമോ കണക്കിലെടുത്ത് ബാങ്ക് അക്കൗണ്ട് തുറക്കാൻ ബാങ്കുകൾ വിസമ്മതിക്കരുത്, അതായത് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം എന്ന നിയന്ത്രണം എടുത്തു കളഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 26.9 ശതമാനവും ഗാർഹിക തൊഴിലാളികളാണ്. ഈ നിർദ്ദേശം അനുസരിച്ച്, കുറഞ്ഞ ശമ്പളം കാരണം ഈ വിഭാഗത്തിലൊന്നിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ബാങ്കുകൾക്ക് നിരസിക്കാൻ കഴിയില്ല.താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനും ബാങ്കിംഗ് സംവിധാനത്തിന് പുറത്ത് സാമ്പത്തിക ഇടപാടുകൾ നടത്താൻ നിർബന്ധിതരാകുന്നതിനും ഇത്തരം നിയന്ത്രണങ്ങൾ തടസ്സമാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കേണ്ടതിൻ്റെ പ്രാധാന്യം സെൻട്രൽ ബാങ്ക് ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് അയച്ച നിർദേശത്തിൽ സൂചിപ്പിച്ചു.