അബുദാബി: സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപഭോഗം വർദ്ധിച്ചതോടെ സിനിമാതാരങ്ങൾക്കൊപ്പം തന്നെ പ്രശസ്തിയിലേയ്ക്ക് ഉയർന്ന് വരികയാണ് കണ്ടന്റ് ക്രിയേറ്റർമാർ അഥവാ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ. മറ്റ് സെലിബ്രിറ്റികളെപ്പോലെ തന്നെ ഇവർക്കും ആരാധകരുണ്ട്. ഇപ്പോഴിതാ കണ്ടന്റ് ക്രിയേറ്റർമാർക്ക് യുഎഇയിലെ പ്രമുഖമായ ഗോൾഡൻ വിസ ലഭിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.
യുഎഇയിൽ ഒത്തുകൂടാനും നിക്ഷേപകരെ കണ്ടെത്താനും അതിലൂടെ തങ്ങളുടെ റീച്ച് വർദ്ധിപ്പിക്കാൻ കണ്ടന്റ് ക്രിയേറ്റർമാരെ സഹായിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരകാര്യ മന്ത്രി മൊഹമ്മദ് അൽ ഗെർഗവി പറഞ്ഞു. മെറ്റാ, ടിക് ടോക്, എക്സ്, ട്യൂബ് ഫിൽട്ടർ, ക്രിയേറ്റർ നൗ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും യുഎഇയുടെ പുതിയ പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ട്.
അപേക്ഷിക്കേണ്ടതിങ്ങനെ:
ഗോൾഡൻ വിസയ്ക്കായി കണ്ടന്റ് ക്രിയേറ്റർമാർ ‘ക്രിയേറ്റേഴ്സ് എച്ച് ക്യു’ എന്ന ഹബ്ബിന്റെ goldenvisa@creatorshq.com വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ആദ്യം അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കണം. തുടർന്ന് എച്ച് ക്യു അപേക്ഷകന്റ യോഗ്യതകൾ പരിശോധിക്കും. ഗോൾഡൻ വിസയുടെ ‘കണ്ടന്റ് ക്രിയേറ്റേഴ്സ് ആന്റ് ക്രിയേറ്റീവ് ടാലന്റ്’ വിഭാഗത്തിലാണ് അപേക്ഷ നൽകേണ്ടത്. അംഗീകാരം ലഭിക്കുന്ന അപേക്ഷകർക്ക് ഒരു ഇമെയിൽ ലഭിക്കും. തുടർന്ന് ഗോൾഡൻ വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള അടുത്ത ഘട്ടമായ മെഡിക്കൽ മെഡിക്കൽ പരിശോധന നടത്തണം. ഇതിനായി സ്മാർട്ട് സാലെം ഇൻഡക്സ് ടവേഴ്സിൽ എത്തണം. ഒറിജിനൽ പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, ഫോട്ടോ എന്നിവയാണ് മെഡിക്കൽ പരിശോധനയ്ക്കായി വേണ്ടത്. മെഡിക്കൽ പരിശോധന കഴിഞ്ഞാൽ ഗോൾഡൻ വിസ പ്രിന്റ് ചെയ്ത് കിട്ടുന്നതിനായി സർവീസസ് 1 സെന്ററിൽ എത്തണം. ഇതിന് മുൻപ് വിസിറ്റിംഗ് വിസകൾ എല്ലാം റദ്ദാക്കണം. തുടർന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയിൽ നിന്ന് പുതിയ എമിറേറ്റ്സ് ഐഡിയും സ്വന്തമാക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം:
1. വളരെ റീച്ച് നേടിയ കണ്ടന്റിന്റെ ട്രാക്ക് റെക്കാഡ് ഉള്ളവർ.
2. കണ്ടന്റിന് അംഗീകാരമോ അവാർഡുകളോ ലഭിച്ചിട്ടുള്ളവർ.
3. യുഎഇയുടെ സർഗ്ഗാത്മക സമൂഹത്തിന് സംഭാവന നൽകുന്നതിനുമുള്ള ശക്തമായ കഴിവ് പ്രകടിപ്പിക്കുന്നവർ.
4. കണ്ടന്റ് നിർമാണത്തിൽ സ്ഥിരമായ വളർച്ച കൈവരിക്കുന്നവർ.
എന്താണ് യുഎഇ ഗോൾഡൻ വിസ:
രാജ്യത്തിന്റെ പൗരത്വം ലഭിക്കാനും എമിറേറ്റുകളിൽ സ്ഥിര താമസമാക്കുന്നതിനുമുള്ള ആദ്യത്തെ വഴിയാണ് യുഎഇ ഗോൾഡൻ വിസ. ഗോൾഡൻ വിസ ലഭിച്ചുകഴിഞ്ഞാൽ വിസ പുതുക്കലിന്റെയോ സ്പോൺസറുടെയോ ആവശ്യമില്ലാതെ പത്ത് വർഷം യുഎഇയിൽ താമസിക്കാം.