അമൃത്‌സർ: അമേരിക്കയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന ഡോണൾഡ് ട്രംപ് സർക്കാറിന്റെ നടപടികളുടെ ഭാഗമായി ഇന്ത്യക്കാരെ വഹിച്ചുള്ള യുഎസ് സൈനികവിമാനം അമൃത്‌സറിൽ എത്തി. ആദ്യ ഘട്ടമായി 205 കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായാണ് വിവരം. യുഎസ് സൈനികവിമാനമായ ‘സി 17’ നിലാണ് അമൃത്‌സറിൽ എത്തിച്ചത്.
ഇന്ത്യക്കാരെയും വഹിച്ചുള്ള സൈനിക വിമാനം ‘സി 17’ സാന്റിയാഗോയിൽനിന്ന് ഇന്നലെ പുലർച്ചെ മൂന്നിനാണ് പുറപ്പെട്ടത്. വിമാനത്തിലുള്ളവർ ഏതൊക്കെ സംസ്ഥാനക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഈമാസം 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇന്ത്യക്കാരെ കൂട്ടത്തോടെ തിരിച്ചയയ്ക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സൈനിക വിമാനത്തിൽ ഇത്രയധികം യാത്രക്കാരെ 25 മണിക്കൂറിലധികം നേരെം കൂട്ടിലടച്ചപോലെ കൊണ്ടുവരുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമർശനമുയർന്നിരുന്നു.
അമേരിക്കയിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ 30 പേർ പഞ്ചാബിൽ നിന്നുള്ളവരും 33 പേർ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്നുള്ള രണ്ടുപേരുമാണ് എന്നാണ് വിവരം. ഇന്ത്യയിലെത്തിച്ചവരെ പ്രാഥമിക ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ശേഷം പഞ്ചാബിലെയും ഹരിയാനയിലെയും താമസ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. 7.25 ലക്ഷം ഇന്ത്യൻ പൗരർ രേഖകളില്ലാതെ അവിടെ കഴിയുന്നതായാണ് കണക്ക്. 2,467 ഇന്ത്യക്കാർ തടങ്കൽപ്പാളയങ്ങളിലാണ്. അനധികൃത കുടിയേറ്റക്കാരിൽ അധികവും ഗുജറാത്തുകാരാണ്. അനധികൃതമായി രാജ്യത്ത് കഴിയുന്ന 18,000 ഇന്ത്യക്കാരിൽ ആദ്യസംഘത്തെയാണ് പുറത്താക്കിയതെന്ന് അമേരിക്ക അറിയിച്ചു. മറ്റുള്ളവരെയും ഉടൻ കുടിയിറക്കും. 17,940 ഇന്ത്യക്കാർക്കാണ് ഇതുവരെ നാടുകടത്തൽ നോട്ടീസ് നൽകിയത്.