പ്രവാസികൾക്കായി കേരള സർക്കാർ ഒരുക്കിയ NRI കമ്മീഷനെ കുറിച്ച് എത്രപേർക്കറിയാം?

അഡ്വ: സരുൺ മാണി

പ്രവാസികളായ കേരളീയരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും അവരുടെ ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും വേണ്ടി അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെ 2015 ലെ പ്രവാസി ഭാരതീയ (കേരളം) കമ്മീഷൻ ആക്ട് എന്ന പേരിൽ കേരളം നിയമസഭാ പാസ്സാക്കിയതാണ് പ്രവാസി കമ്മീഷൻ.

പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എൻ ആർ ഐ കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. ഗവൺമെന്റ് എല്ലാ പ്രവാസികളുടെയും, പ്രവാസജീവിതം കഴിഞ്ഞ് വന്ന ആളുകളുടെയും ജീവനോ സ്വത്തിനോ ഏതെങ്കിലും തരത്തിൽ ഭീഷണി ഉണ്ടാവുകയോ ചെയ്‌താൽ ഇടപെടാനുള്ള നിയമപരമായിട്ടുമുള്ള എല്ലാ അധികാരങ്ങളും കമ്മീഷനുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ടിംഗ് നടത്തുന്ന ഏജൻസികളുടെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാനുള്ള അധികാരം കമ്മീഷനുണ്ട്.

ഇതിലെല്ലാമുപരിയായി പ്രവാസികളുടെ കുടുംബാങ്ങങ്ങൾക്ക്, ബന്ധുക്കൾക്ക് സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടാവുന്ന പക്ഷം അതിൽ ഇടപെടാനുള്ള അധികാരം, ബന്ധപ്പെട്ട പോലീസ് അധികാരികളുടെ ശ്രധിയിൽ പെടുത്തി നടപടി എടുപ്പിക്കുന്നതിനുള്ള അധികാരവും കമ്മീഷന് ഉണ്ട്. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ സ്വത്തുക്കൾ അന്യാധീനപ്പെടുന്ന സാഹചര്യം ഉണ്ടാവുന്ന പക്ഷം അത് സംരക്ഷിക്കാനുള്ള അധികാരം കമ്മീഷനുണ്ട്. കമ്മീഷൻ എടുക്കുന്ന തീരുമാനങ്ങൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കുകയില്ല. കമ്മീഷന്റെ അപ്പെല്ലേറ്റ് അതോറിറ്റി ഹൈ കോടതി ആണ്.

അംഗങ്ങൾ:
ചെയർപേഴ്സൺ: ഹൈക്കോടതി ജഡ്‌ജോ തതുല്യമായ പദവിയിലുള്ള വ്യക്തിയോ ആണ് കമ്മീഷന്റെ ചെയർപേഴ്സൺ. അഞ്ച് വർഷമോ അതിലധികമോ ആയി വിദേശത്ത് ജോലി ചെയ്ത് വരുന്ന രണ്ടുപേരും, അഞ്ച് വർഷമോ അതിലധികമോ കാലയളവ് വിദേശത്ത് കഴിഞ്ഞ ശേഷം തിരികെയെത്തിയ രണ്ട് പേരും, അടങ്ങുന്നതാണ് കമ്മീഷൻ. കമ്മീഷൻ നിലവിൽ വന്ന ശേഷമുള്ള മൂന്നാമത് കമ്മീഷനാണ് നിലവിലുള്ളത്.

ഉത്തരവാദിത്വങ്ങൾ:

  1. പ്രവാസികൾക്കും കുടുംബംങ്ങങ്ങൾക്കും അവരുടെ അവകാശങ്ങൾ നിലനിർത്തുക, സ്വത്തിനും ജീവനും ഭീഷണിയുണ്ടാകുന്ന പക്ഷം ഇടപെടുക.
  2. സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ മുന്നിൽ പ്രവാസികളുടെ താല്പര്യം സംരക്ഷിക്കുന്നതിനുതകുന്ന കാര്യങ്ങൾ നടപ്പിലാക്കുക
  3. സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പ്രവാസികളുടെ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും സാമൂഹിക ഉന്നതി, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുക
  4. സർക്കാർ – അർദ്ധ സർക്കാർ വകുപ്പുകളിൽ നിന്നും പ്രവാസികൾക്ക് അന്യായം നേരിടുന്ന പക്ഷം ഇടപെടുക
  5. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത, നീതി എന്നിവയിൽ പ്രവാസി സമൂഹത്തിന് കോട്ടങ്ങൾ ഉണ്ടാകുന്ന പക്ഷം സർക്കാരിനെ അക്കാര്യം ധരിപ്പിക്കുന്നതോടൊപ്പം, ആവശ്യമായ നിയമനിർമാണത്തിന് ശുപാര്ശ ചെയ്യുക.
  6. റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന അന്യായങ്ങൾ, കബളിപ്പിക്കലുകൾ എന്നിവയിൽ നടപടി എടുക്കുക.
  7. പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനുള്ള നിർദ്ദേശങ്ങൾ നിർദ്ദേശിക്കുക.
    സിവിൽ കോടതിയുടെ അധികാരം കമ്മീഷന് ഉണ്ട്.

അദാലത്തുകൾ:
എല്ലാ ജില്ലകളിലും കാലാകാലങ്ങളിൽ കമ്മിഷൻ അദാലത്തുകൾ സംഘടിപ്പിക്കാറുണ്ട്. പ്രവാസികൾക്ക് ഇത്തരം അദാലത്തുകളിൽ പങ്കെടുത്ത് നേരിട്ട് കമ്മീഷന് പരാതി നൽകാവുന്നതാണ്.

റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ തട്ടിപ്പ്, സ്ത്രീകളെ വിദേശത്ത് കൊണ്ടുപോയി കബളിപ്പിക്കൽ, ഭൂമി സംബന്ധമായ തർക്കങ്ങൾ, ബിസിനസ് പങ്കാളികളുടെ വഞ്ചന, കുടുംബ പ്രശ്നങ്ങൾ, ബാങ്ക് വായ്പ സംബന്ധിച്ച വിഷയങ്ങൾ, മരണാനന്തര ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ, വിദേശത്തെ ജയിലിലകപ്പെട്ടവരുടെ കാര്യങ്ങൾ, കോടതി വിധിയിലൂടെ ലഭിക്കുന്ന മരണാനന്തര ആനുകൂല്യങ്ങളും അപകട ആനുകൂല്യവും, വേതനം സംബന്ധിച്ച ആനുകൂല്യങ്ങൾ, തുടങ്ങി നോർക്കയെയും പ്രവാസി ക്ഷേമനിധിയെയും സംബന്ധിച്ച കാര്യങ്ങൾ, സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ടുന്ന സേവനങ്ങൾ വൈകുന്നത് സംബന്ധിച്ച കാര്യങ്ങൾ, എന്നിങ്ങിനെ പ്രവാസികളുടെയും മുൻ പ്രവാസികളുടേയും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനാവശ്യമായ ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷന് പരാതികൾ നൽകാവുന്നതാണ്.

പുതുതായി പരാതി നൽകുന്നവർ എഴുതി തയ്യാറാക്കിയ ആവലാതിയോടൊപ്പം പ്രവാസി/മുൻ പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകൾക്കു പുറമേ എതിർകക്ഷിയുടെ കൃത്യമായ മേൽവിലാസവും നൽകണം.

പരാതി നൽകാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ രീതിയിൽ അത് തയ്യാറാക്കി ഇമെയിൽ വഴിയോ താഴെ പറയുന്ന വിലാസത്തിലോ അയക്കേണ്ടതാണ്.

Non- Resident Indians’ (Keralites) Commission
7th Floor, NORKA Centre
Thycaud P.O
Thiruvananthapuram – 695014, Kerala

E-mail: nricommission@kerala.gov.in, secycomsn.nri@kerala.gov.in

Website: http://nricommission.kerala.gov.in/

Contact: +91 471 2322311

നിലവിലെ കമ്മീഷൻ:
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റിസ് പി. ഡി. രാജൻ ചുമതല നിർവ്വഹിക്കുന്നു. ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച പി. ഡി. രാജൻ 2019-22 കാലയളവിൽ കമ്മീഷൻ ചെയർപേഴ്സണായിരുന്നു. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമബിരുദവും, മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം പത്തനംതിട്ട ഇടയാറൻമുള സ്വദേശിയാണ്. 2013 മുതൽ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. കേരള ലജിസ്ലേച്ചർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അംഗങ്ങളായി അഡ്വ. ഗഫൂർ പി. ലില്ലീസ്, പി. എം. ജാബിർ, പീറ്റർ മാത്യു, സെക്രട്ടറി ഫസിൽ എ. എന്നിവർ പ്രവർത്തിച്ച് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *