പ്രവാസികൾക്ക് ഇരുട്ടടി: കുവൈത്തിൽ ഏപ്രിൽ മുതൽ സര്‍ക്കാര്‍-പൊതുമേഖലയിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ല

കുവൈത്ത്‌ സിറ്റി: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് ശേഷം സര്‍ക്കാര്‍-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ (സിഎസ്‌സി) പ്രഖ്യാപിച്ചു. സ്വദേശികളുടെ തൊഴില്‍ വര്‍ധിപ്പിക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഉദേശിച്ചുള്ളതാണ് പുതിയ നീക്കം.

നിലവില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഘട്ടം ഘട്ടമായി വിദേശി തൊഴിലാളികളെ കുറച്ച് കൊണ്ടു വരുന്നുതിന് പിന്നാലെയാണ് പൊതുമേഖലയിലടക്കം വിദേശികളുടെ കരാറുകള്‍ പുതുക്കില്ലെന്ന് നിലപാട്. ഒരോ മന്ത്രാലയത്തിലും നടപ്പാക്കേണ്ട ശതമാനം തീരുമാനിച്ച് സിഎസ്‌സി നല്‍കിയിട്ടുണ്ട്.

പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പിഎസിഐ) കണക്കുകള്‍ പ്രകാരം കുവൈത്ത് സ്വദേശികള്‍ 4,01,215 എണ്ണമാണ് സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. 1,20,502 വിദേശികളും ജോലി ചെയ്യുന്നുണ്ട്. അതായത് വിദേശ ജീവനക്കാര്‍ 23 ശതമാനം വരും. ഇത് കുറച്ച് സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യം. തീരുമാനം നടപ്പായാല്‍ ആയിരക്കണക്കിന് വിദേശികളുടെ ജോലിയെ ബാധിച്ചേക്കാം.

എന്നാല്‍, യോഗ്യതയുള്ള സ്വദേശികള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇവിടെങ്ങളില്‍, തൊഴില്‍ വിപണിക്ക് അനുയോജ്യമായ സാങ്കേതിക പരിജ്ഞാനം നേടിയെടുക്കാന്‍ സ്വദേശി യുവതി-യുവാക്കളെ പ്രാപ്തരാക്കും. വിദേശികള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. നിലവില്‍ 38,829 തൊഴിലാളികളാണുള്ളത്. രണ്ടാമത് വിദ്യാഭ്യാസ മന്ത്രാലയം. ഇവിടെ 27,012,പ്രതിരോധ മന്ത്രാലയം 15,944, ആഭ്യന്തരം, അവ്ഖാഫ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലുമായി 11,500-ല്‍ അധികം വിദേശ തൊഴിലാളികളുണ്ട്.

കൂടാതെ, കുവൈത്ത് എയര്‍വേയ്‌സ് 4,114, കുവൈറ്റ് യൂണിവേഴ്‌സിറ്റി 1,553, കുവൈത്ത് ഓയില്‍ കമ്പനി (കെഒസി) 1,448, കുവൈത്ത് നാഷനല്‍ ഗാര്‍ഡ് 1,100 എന്നി പൊതുമേഖലയിലെ ജോലി ചെയ്യുന്നുണ്ട്. ജോലിയക്കായി സ്വദേശികളായ 33,307 പേര്‍ റജിസ്ട്രര്‍ ചെയ്തിട്ടുള്ളതായി സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *