തൃശൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ (60) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ കെ വി അബ്ദുൾ ഖാദർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ് ജില്ലാ കൺവീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമാണ്.
2006 മുതൽ 2021 ഗുരുവായൂർ എംഎൽഎയായിരുന്നു. 15 വർഷം കൊണ്ട് ഗുരുവായൂർ മണ്ഡലത്തിന്റെ ചരിത്ര വികസനക്കുതിപ്പിന് മികവുറ്റ നേതൃത്വം നൽകി. 1991 മുതൽ സിപിഐ എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതൽ പാർടി ഏരിയ സെക്രട്ടറിയായി. തുടർന്ന് സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്, ബീഡി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1979ൽ കെഎസ്‌വൈഎഫ് ബ്ലാങ്ങാട് യുണിറ്റ് സെക്രട്ടറിയായാണ് രംഗത്തെത്തിയത്. ദേശാഭിമാനിയുടെ ഗുരുവായൂർ ലേഖകനായി 12 വർഷത്തോളം പ്രവർത്തിച്ചു.
ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1997 ജൂൂലൈയിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നടന്ന 14-ാം ലോക യുവജന സമ്മേളനത്തിൽ ഡിവൈഎഫ്ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തു. റഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. പ്രവാസമേഖലകളിൽ ദുരിതമനുഭവിക്കുന്ന നിരവധിപേരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും മുന്നിൽ നിന്നു. കേരള നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാനായിരുന്നു. കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായിരുന്നു.
നിരവധി ബഹുജനപ്രക്ഷോഭങ്ങൾ ഉയർത്തികൊണ്ടുവരികയും സംഘടിപ്പിക്കുകയും ചെയ്തു. കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പരേതനായ കറുപ്പം വീട്ടിൽ അബുവിന്റെയും പാത്തുവിന്റെയും മുത്തമകനാണ്. ഷെറീനയാണ് ഭാര്യ. മക്കൾ: അഖിൽ (സിനിമാ സഹ സംവിധായകൻ), അജിഷ.