വീണ്ടും ഇന്ത്യക്കാരായ കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി അമേരിക്ക; രണ്ട് വിമാനങ്ങളിലായി എത്തുന്നത് 119 പേർ

വാഷിംഗ്‌ടൺ ഡി സി: ഇന്ത്യക്കാരായ കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി അമേരിക്ക. 119 അനധികൃത കുടിയേറ്റക്കാരെ രണ്ട് ദിവസത്തിനുളളില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക വിമാനത്തിലാണോ വിലങ്ങണിയിച്ചാണോയെന്ന് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് അമേരിക്കയുടെ രണ്ടാംഘട്ട നാടുകടത്തല്‍. രണ്ട് വിമാനങ്ങളിലായി 119 ഇന്ത്യക്കാരെ നാടുകടത്തുന്നത്.

പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പുറത്തുവന്ന വിവരം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഒരു വിമാനം ശനിയാഴ്ചയും മറ്റൊരു വിമാനം ഞായറാഴ്ചയും അമൃത്സറിലെ ഗുരു റാം ദാസ് ഇന്റന്‍ഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക വിമാനത്തിലാണോ വിലങ്ങണിയിച്ചാണോ കൊണ്ടുവരുന്നതെന്ന് വ്യക്തമല്ല.

നേരത്തേ 104 ഇന്ത്യക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ ഇറക്കിവിട്ടത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ അമേരിക്കന്‍ നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. മാത്രമല്ല, ഇന്ത്യക്കാരെ ചങ്ങലയിട്ട് നാട്ടിലെത്തിച്ച സംഭവത്തില്‍ ട്രംപുമായുളള കൂടിക്കാഴ്ചയില്‍ മോദി മൗനം പാലിച്ചു. 487 ഇന്ത്യക്കാരെ ഇനിയും നാടുകടത്താനുണ്ടെന്നാണ് അമേരിക്ക കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവിട്ടത്. നാടുകടത്തുന്ന ഇന്ത്യക്കാരോടുളള സമീപനം ഇനിയും ഏത് തരത്തിലാകും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

അതേസമയം, പരസ്പര തീരുവ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കയുമായി ആണവ കരാറിൽ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കമ്മി കുറക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ, വാതകം, യുദ്ധവിമാനം തുടങ്ങിയവ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം പരസ്പര താരിഫുകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇന്ത്യക്ക് എണ്ണയും വാതകവും നൽകുന്ന ഒന്നാം നമ്പർ വിതരണക്കാരായി അമേരിക്കയെ മാറ്റുന്ന കരാറുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപ് ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയമായത്.

ഈ വർഷം മുതൽ ഇന്ത്യയിലേക്കുള്ള സൈനിക വില്പന ബില്യൺ ഡോളറായി വർദ്ധിപ്പിക്കും. ഇന്ത്യക്ക് എഫ്-35 വിമാനങ്ങൾ നൽകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും എന്നും ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *