മലപ്പുറം: പ്രവാസി സംരംഭകർക്കായി നടത്തുന്ന പഞ്ചദിന സംരംഭകത്വ പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആരംഭിച്ചു. അസിസ്റ്റന്റ് കളക്ടർ വി എം ആര്യ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് അധ്യക്ഷനായി. തിരുവനന്തപുരം നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ മാനേജർ കെ വി സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് നോർക്ക റൂട്ട്സ് സെന്റർ മാനേജർ സി രവീന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ മുജീബ് റഹ്മാൻ, പി സ്മിത, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അസിസ്റ്റന്റ് മാനേജർ ആർ രാഹുൽ തുടങ്ങിയവർ സംബന്ധിച്ചു.
നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ, വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രേണർഷിപ് ഡെവലപ്മെന്റ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ള പ്രവാസി സംരംഭകരെ ലക്ഷ്യം വെച്ചുകൊണ്ട് നടക്കുന്ന പരിപാടി ഈ മാസം (ഫെബ്രുവരി) 21ന് അവസാനിക്കും. സംരംഭം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആവശ്യമായ അനുമതികൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ, ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗ് സംവിധാനങ്ങൾ, ഇംപോർട്ട് എക്സ്പോർട്ട് നടപടിക്രമങ്ങൾ, സർക്കാരിൽ നിന്നും നേടിയെടുക്കാവുന്ന സഹായങ്ങളെ പറ്റിയുള്ള അവബോധം എന്നിവയെല്ലാം ക്ലാസ്സിൽ ചർച്ച ചെയ്യും.